വാഷിംഗ്ടൺ: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്ന വ്യാപക അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണം കുടിയേറ്റമാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു (Truth Social) അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം. ഫ്രാൻസ് കത്തുകയാണെന്നും സമയം വൈകുന്നതിന് മുൻപ് അതിർത്തികൾ കൊട്ടിയടച്ച് രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
"ഫ്രാൻസ് കത്തുകയാണ്. തീർത്തും വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന ഒരു രാജ്യത്തെ പൂർണ്ണമായി തകർത്തിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ," എന്നായിരുന്നു ട്രംപ് കുറിച്ചത്. നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫ്രാൻസിലെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു.
ജീവിതച്ചെലവ്, വിദ്യാഭ്യാസം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക ബജറ്റ് വെട്ടിച്ചുരുക്കൽ തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യവ്യാപകമായി അക്രമാസക്തമായത്. രാജ്യത്തുടനീളം 5.5 ലക്ഷത്തിലധികം ആളുകളും പാരിസിൽ മാത്രം 1.1 ലക്ഷം പേരും തെരുവിലിറങ്ങി. പാരിസ്, ലിയോൺ, ബോർഡോ തുടങ്ങിയ നഗരങ്ങളിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഷോറൂമുകൾ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങളും കൊള്ളയടിക്കപ്പെടുകയും തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു.