ABC News: Brendan Esposito
World

പങ്കാളിക്ക് ഡിമെൻഷ്യയുണ്ടെങ്കിൽ നിങ്ങളിലേക്കും എത്താൻ ഉയർന്ന സാധ്യത; തായ്‌വാൻ പഠനം

സ്ത്രീകളുടെ പങ്കാളിക്ക് ഡിമെൻഷ്യയുണ്ടെങ്കിൽ അവർക്ക് രോഗം വരാനുള്ള സാധ്യത 74 ശതമാനവും, പുരുഷന്മാരുടെ പങ്കാളിക്ക് ഡിമെൻഷ്യയുണ്ടെങ്കിൽ അവർക്ക് രോഗ സാധ്യത 69 ശതമാനവും വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

Elizabath Joseph

തായ്‌പേയ്: ദമ്പതിമാരിൽ ഒരാൾക്ക് ഡിമെൻഷ്യ (മറവിരോഗം) ഉണ്ടായാൽ മറ്റേയാൾക്കും രോഗം ബാധിക്കാനുള്ള സാധ്യത അഞ്ചിരട്ടിയോളം വർദ്ധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (JAMA) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. തായ്‌വാനിലെ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് ഡാറ്റാബേസിൽ നിന്നുള്ള ഏകദേശം 10 ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.

സ്ത്രീകളുടെ പങ്കാളിക്ക് ഡിമെൻഷ്യയുണ്ടെങ്കിൽ അവർക്ക് രോഗം വരാനുള്ള സാധ്യത 74 ശതമാനവും, പുരുഷന്മാരുടെ പങ്കാളിക്ക് ഡിമെൻഷ്യയുണ്ടെങ്കിൽ അവർക്ക് രോഗ സാധ്യത 69 ശതമാനവും വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഒരേ ജീവിതശൈലി, ഭക്ഷണരീതി, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ഒറ്റപ്പെടൽ തുടങ്ങിയ ഒരേ അന്തരീക്ഷ ഘടകങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ രോഗിയായ പങ്കാളിയെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് രോഗ സാധ്യത ഏറുന്നത് എന്ന മുൻധാരണകളെ തിരുത്തി, കുടുംബ പശ്ചാത്തലവും സാമ്പത്തികാവസ്ഥയുമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ചി-ഷിൻ വു (Chi-Shin Wu) വ്യക്തമാക്കി.

കൂടുതൽ മക്കളുള്ള ദമ്പതിമാർക്കും ഉയർന്ന സാമ്പത്തിക വരുമാനമുള്ള കുടുംബങ്ങൾക്കും ഈ രോഗസാധ്യത താരതമ്യേന കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ രോഗിയെ പരിചരിക്കാൻ മറ്റാരുടെയും സഹായം ലഭിക്കാത്തതും, മക്കൾ കുറവുള്ള വീടുകളിൽ പരിചരണത്തിന്റെ ഭാരം പൂർണ്ണമായി പങ്കാളിയുടെ തലയിലാകുന്നതുമാണ് ഇതിന് കാരണം. അൽഷിമേഴ്‌സ്, വാസ്കുലാർ ഡിമെൻഷ്യ എന്നിവയിലും സമാനമായ വർദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. ഡിമെൻഷ്യ രോഗികളെ പരിചരിക്കുന്നവർ സ്വന്തം ആരോഗ്യവും ഉറക്കവും കൃത്യമായ ഇടവേളകളിൽ ശ്രദ്ധിക്കണമെന്നും, വ്യക്തിയെ മാത്രം കേന്ദ്രീകരിക്കാതെ മുഴുനീള കുടുംബത്തെയും പരിഗണിക്കുന്ന രീതിയിലേക്ക് ചികിത്സാ നയങ്ങൾ മാറണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.

SCROLL FOR NEXT