World

അസ്‌ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു

Safvana Jouhar

ബോസ്റ്റണ്‍: കോള്‍ഡ്‌പ്ലേ സംഗീത പരിപാടിക്കിടെ കിസ് കാമില്‍ 'കുടുങ്ങിയ' അസ്‌ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. അസ്‌ട്രോണമര്‍ കമ്പനി ആന്‍ഡിയുടെ രാജി സ്ഥിരീകരിച്ചു. 'കമ്പനിയെ നയിക്കുന്നവരില്‍ നിന്നും പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നത്. ആ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി. ആന്‍ഡി ബൈറണ്‍ രാജി സമര്‍പ്പിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് അത് അംഗീകരിക്കുകയും ചെയ്തു'- കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ആന്‍ഡി ബൈറനെ കമ്പനി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒ ആയി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്‌യെ നിയമിച്ചു.

ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടിനുമാണ് കോള്‍ഡ്‌പ്ലേ പരിപാടിക്കിടെ കിസ് കാം പണി കിട്ടിയത്. ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് സംഗീതം ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരെയും ലൈവ് വീഡിയോയില്‍ കാണുമ്പോള്‍ സ്‌റ്റേജിലുണ്ടായിരുന്ന കോള്‍ഡ്‌പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ 'ഇവരെ രണ്ടുപേരെയും നോക്കൂ' എന്ന് പറയുന്നുണ്ടായിരുന്നു. ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍, 'അവര്‍ക്ക് നാണമായിരിക്കാം, അല്ലെങ്കില്‍ മറ്റ് ബന്ധമുണ്ടായിരിക്കാം' എന്നും ക്രിസ് മാര്‍ട്ടിന്‍ പറയുന്നുണ്ട്.

SCROLL FOR NEXT