'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ ലീക്ക് ആയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു മിനിറ്റ് 19 സെക്കൻഡ് നീളമുള്ള ടീസറാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്. ടീസറിന്റെ എച്ച്ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് റീബെർത്തിനൊപ്പം വിദേശ രാജ്യത്തെ തിയേറ്ററുകളിൽ ഒഡീസിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ഇതാണ് ടീസർ ലീക്ക് ആകാനുള്ള കാരണമെന്നാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്. ടീസറിന്റെ ഒറിജിനൽ പതിപ്പ് ഉടൻ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രത്തെയാണ് ഈ ടീസറിലൂടെ അവതരിപ്പിക്കുന്നത്.
ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 2026 ജൂലൈ 17 നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.