ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ട് ചൈനയ്ക്ക് വന്‍ തിരിച്ചടി. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ലോംഗ് മാര്‍ച്ച്-3ബി (Long March-3B Rocket) റോക്കറ്റ് ആണ് ആദ്യം പരാജയപ്പെട്ടത്. ഷീചാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ലോംഗ് മാര്‍ച്ച്-ബി പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുള്ള സാങ്കേതിക തടസമാണ് ഇതിന് കാരണമായത്. ഇതേ ദിവസം തന്നെ ഗലാക്‌റ്റിക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയുടെ സീറീസ്-2 (Ceres-2) റോക്കറ്റ് ആദ്യ കന്നിപ്പറക്കലില്‍ തകര്‍ന്നുവീണു.ചൈനയില്‍ ശനിയാഴ്‌ച സംഭവിച്ച ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ ‘കറുത്ത ശനിയാഴ്‌ച’ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുണ്ടായ പ്രശ്‌നമാണ് ലോംഗ് മാര്‍ച്ച്-3ബി റോക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണമായത്. 2020 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് മാര്‍ച്ച്-3ബി റോക്കറ്റ് വിക്ഷേപണം പരാജയമാകുന്നത്. റോക്കറ്റ് പൊട്ടിത്തെറിച്ചതോടെ ഒരു ഷിജിയാന്‍ (Shijian-32) കൃത്രിമ ഉപഗ്രഹം നഷ്‌ടമായതായി ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ (CASC) സ്ഥിരീകരിച്ചു. അതേസമയം, ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റ് അതിന്‍റെ കന്നി പറക്കലിനിടയില്‍ തകര്‍ന്ന് നിലംപതിക്കുകയായിരുന്നു. ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നിന്നായിരുന്നു സീറീസ്-2 വിക്ഷേപണം. ഈ ദുരന്തത്തില്‍ ഒരു വാണിജ്യ ഉപഗ്രഹം നഷ്‌ടമായി. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച ഗലാക്റ്റിക് എനര്‍ജി അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ചൈനയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ വിദഗ്‌ധര്‍ ഇതിനെ സ്വഭാവികമായ തിരിച്ചടിയായാണ് കാണുന്നത്.