തെഹ്റാൻ: വെടിനിർത്തൽ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഇറാന് പിന്തുണയുമായി ചൈന. ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുന്നതിന് ഇറാനെ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗാചിയെ അറിയിച്ചു. വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ ഇരുനേതാക്കളും ടെലഫോണിൽ സംസാരിക്കവെയാണ് ചൈന ഇറാന് പിന്തുണ അറിയിച്ചത്.
ഇറാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിലും, ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുന്നതിലും, ജനങ്ങളുടെ സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിലും, മധ്യപൂർവദേശത്തെ സംഘർഷങ്ങൾ കുറയ്ക്കുന്നതിലും ചൈന ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് വാങ് അരാഗ്ചിക്ക് ഉറപ്പ് നൽകി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേലിന്റെയും അമേരിക്കയുടെയും അപകടകരമായ നടപടികൾ അന്താരാഷ്ട്ര നിയമത്തിൻ്റെ ഗുരുതരമായ ലംഘനമായിരുന്നു. ഇറാന് തിരിച്ചടിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും അരാഗ്ചി വാങിനോട് വ്യക്തമാക്കി.
ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണെന്ന് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ യഥാർത്ഥ ചർച്ചകൾ ആരംഭിക്കാൻ കഴിയൂ എന്നും അരാഗ്ചി ചൂണ്ടിക്കാണിച്ചു. ഇറാൻ്റെ നിയമാനുസൃതമായ നടപടികൾ ചൈന മനസിലാക്കിയതിലും പിന്തുണയ്ക്കുന്നതിലുമുള്ള നന്ദി അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ചൈനയുമായി ഏറ്റവും അടുത്ത ആശയവിനിമയം നിലനിർത്താനുള്ള ഇറാന്റെ സന്നദ്ധത അരാഗ്ചി ചൈനയെ അറിയിച്ചു.