ന്യൂയോർക്ക്: ചാറ്റ്ജിപിടിയുടെ ഉടമയായ ഓപ്പൺഎഐ (OpenAI) വാൾ സ്ട്രീറ്റിൽ വൻ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനിയുടെ മൂല്യം ഒരു ട്രില്യൺ യുഎസ് ഡോളറിനടുത്ത് എത്തുമെന്നാണ് വിലയിരുത്തൽ. ഓപ്പൺഎഐ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ (SEC) രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2026 മാർച്ചിൽ നടത്തിയ നിക്ഷേപ സമാഹരണത്തിന് ശേഷം കമ്പനിയുടെ മൂല്യം 852 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെട്ടത്. പുതിയ ഐപിഒയിലൂടെ ഈ മൂല്യം ഒരു ട്രില്യൺ ഡോളറിലേക്ക് ഉയരാനാണ് സാധ്യത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കടുത്ത മത്സരത്തിനിടെയാണ് ഓപ്പൺഎഐയുടെ നീക്കം. എതിരാളികളായ ആന്ത്രോപിക് (Anthropic) ഉൾപ്പെടെയുള്ള കമ്പനികളും പൊതുവിപണിയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നുണ്ട്.
ചാറ്റ്ജിപിടിയുടെ വൻ ജനപ്രീതിയും എഐ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള വലിയ നിക്ഷേപ ആവശ്യകതയുമാണ് ഓപ്പൺഎഐയെ പൊതുവിപണിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഐപിഒയിലൂടെ ലഭിക്കുന്ന പണം ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടിങ് ശേഷി, പുതിയ എഐ സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കാൻ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പൺഎഐയുടെ ഓഹരി വിൽപ്പന യാഥാർഥ്യമായാൽ ചരിത്രത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഐപിഒകളിലൊന്നായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.