ABC News: Allyson Horn
World

13 മണിക്കൂർ നീളുന്ന ജോലി, നിയമലംഘനങ്ങൾ, പിഴകൾ; ചൈനയിലെ ഫുഡ് ഡെലിവറി തൊഴിലാളികളുടെ ദുരിതജീവിതം

ചൈനയിലെ ഗിഗ് വർക്കർമാരുടെ എണ്ണം ഈ വർഷം അവസാനത്തോടെ 32 കോടിയായി (രാജ്യത്തെ ആകെ തൊഴിലാളികളുടെ 44 ശതമാനം) ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Elizabath Joseph

ബെയ്ജിംഗ്: സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ ചൈനയിൽ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രധാന ഉപജീവനമാർഗ്ഗമായി മാറിയ ഫുഡ് ഡെലിവറി മേഖല തൊഴിലാളികളെ തള്ളിവിടുന്നത് അതികഠിനമായ തൊഴിൽ സമ്മർദ്ദത്തിലേക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരൊറ്റ ദിവസം മാത്രം അവധിയെടുത്ത് ദിവസേന 13 മണിക്കൂറിലധികം ജോലി ചെയ്യുന്ന ഇരുപതുകാരനായ ചി യുസെന്റെ ജീവിതം ചൈനയിലെ വർദ്ധിച്ചുവരുന്ന 'ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ' (Gig Economy) ക്രൂരമായ യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചൈനയിലെ ഗിഗ് വർക്കർമാരുടെ എണ്ണം ഈ വർഷം അവസാനത്തോടെ 32 കോടിയായി (രാജ്യത്തെ ആകെ തൊഴിലാളികളുടെ 44 ശതമാനം) ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ആൽഗോരിതം നിശ്ചയിക്കുന്ന 20 മിനിറ്റ് വരെയുള്ള കടുത്ത സമയപരിധിക്കുള്ളിൽ ഭക്ഷണം എത്തിച്ചില്ലെങ്കിൽ റേറ്റിംഗ് കുറയുമെന്ന ഭയം കാരണം റെഡ് സിഗ്നലുകൾ മറികടന്നും റോംഗ് സൈഡിലൂടെ പാഞ്ഞും ജീവൻ പണയം വെച്ചാണ് റൈഡർമാർ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത്. ദിവസം 28 ഡെലിവറികൾ നടത്തി 68 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവർക്ക് ലഭിക്കുന്നത് കേവലം 45 ഡോളർ (ഏകദേശം 2,500 രൂപ) മാത്രമാണ്. ഭക്ഷണം തെറ്റായി നൽകിയാലോ ഉപഭോക്താക്കൾ പരാതിപ്പെട്ടാലോ 500 യുവാൻ (ഏകദേശം 6,000 രൂപയിലധികം) വരെ പിഴ ഈടാക്കുന്ന അപ്ലിക്കേഷൻ നിബന്ധനകൾ ഇവരുടെ തുച്ഛമായ വരുമാനത്തെയും ഇല്ലാതാക്കുന്നു. ഇതിനുപുറമെ, ഹെൽമറ്റും യൂണിഫോമും ധരിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ 20 സെക്കൻഡിനുള്ളിൽ സെൽഫി അപ്‌ലോഡ് ചെയ്യണമെന്ന തരത്തിലുള്ള കടുത്ത ഡിജിറ്റൽ നിരീക്ഷണവും ഇവർ നേരിടുന്നു. നിർമ്മാണ മേഖലയിലടക്കം മാസങ്ങളോളം ശമ്പളം മുടങ്ങുന്ന പശ്ചാത്തലത്തിൽ, ബിരുദധാരികളും യുവാക്കളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ ഗതികേടുകൊണ്ട് മാത്രമാണ് ഈ അപകടകരമായ തൊഴിൽ തെരഞ്ഞെടുക്കുന്നത്.

SCROLL FOR NEXT