റോബർട്ട് പാറ്റിൻസൺ  
World

ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; പ്രഖ്യാപനവുമായി ആമസോൺ MGM സ്റ്റുഡിയോസ്

ജെയിംസ് ബോണ്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക കഥാപാത്രങ്ങളിലൊന്നാണെന്നും 007 ആയി തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ ബഹുമതിയാണെന്നും പാറ്റിൻസൺ പ്രസ്താവനയിൽ പറഞ്ഞു.

Safvana Jouhar

ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടാകുമെന്ന് ആമസോൺ MGM സ്റ്റുഡിയോസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡാനിയൽ ക്രെയ്ഗ് വേഷമൊഴിഞ്ഞതോടെയാണ് ദീർഘകാലമായി തുടരുന്ന ചാരസിനിമാ പരമ്പരയിലെ പുതിയ നായകനായി പാറ്റിൻസൺ എത്തുന്നത്. ആകർഷകമായ വ്യക്തിത്വം, സ്റ്റൈലിഷ് വസ്ത്രധാരണം, 'ഷേക്കൺ, നോട്ട് സ്റ്റിർഡ്' എന്ന രീതിയിലുള്ള മാർട്ടിനി പ്രിയം എന്നിവയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റ് 007 ആണ് ജെയിംസ് ബോണ്ട്. ഹോളിവുഡിലെ ഏറ്റവും ദൈർഘ്യമേറിയതും സാമ്പത്തികമായി വിജയിച്ചതുമായ സിനിമാ പരമ്പരകളിലൊന്നാണിത്.

1962-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'ഡോ. നോ'യിൽ സീൻ കോണറി ബോണ്ടായി എത്തിയതോടെയാണ് സിനിമാ പരമ്പരയ്ക്ക് തുടക്കമായത്. ഇതുവരെ 25-ലധികം ബോണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസിൽ ഈ ചിത്രങ്ങൾ ആകെ 700 കോടി ഡോളറിലധികം വരുമാനം നേടി. 2025-ൽ ദീർഘകാല അവകാശ ഉടമകളായ മൈക്കൽ വിൽസൺ, ബാർബറ ബ്രോക്കോളി എന്നിവരുമായി പുതിയ സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടതോടെയാണ് ആമസോൺ MGM സ്റ്റുഡിയോസ് സിനിമാ പരമ്പരയുടെ സൃഷ്ടിപരമായ നിയന്ത്രണം ഏറ്റെടുത്തത്. ആമസോൺ MGM സ്റ്റുഡിയോസിന്റെ നിയന്ത്രണത്തിൽ ഒരുങ്ങുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമായിരിക്കും ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

'ഡ്യൂൺ' ട്രിലജിയും 'അറൈവൽ' സിനിമയും സംവിധാനം ചെയ്ത ഡെനിസ് വില്ലെന്യൂവാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് തിരക്കഥാകൃത്ത് സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. 'ദി ഒഡീസി', 'ദി ഡ്രാമ', 'പ്രൈംടൈം' തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ വർഷവും ശ്രദ്ധ നേടിയ പാറ്റിൻസൺ, അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന വില്ലെന്യൂവിന്റെ 'ഡ്യൂൺ: പാർട്ട് ത്രീ'യിലും അഭിനയിക്കുന്നുണ്ട്. 2021-ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ'യോടെയാണ് ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ട് വേഷത്തിൽ നിന്ന് പിന്മാറിയത്.

ജെയിംസ് ബോണ്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക കഥാപാത്രങ്ങളിലൊന്നാണെന്നും 007 ആയി തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ ബഹുമതിയാണെന്നും പാറ്റിൻസൺ പ്രസ്താവനയിൽ പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച സംവിധായകൻ ഡെനിസ് വില്ലെന്യൂവിനും നിർമാതാക്കളായ ആമി പാസ്കൽ, ഡേവിഡ് ഹെയ്മാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തന്യ ലാപോയിന്റ് എന്നിവർക്കും ആമസോൺ MGM സ്റ്റുഡിയോസിനും അദ്ദേഹം നന്ദി അറിയിച്ചു. ഈ വേഷം സ്വപ്നസാക്ഷാത്കാരമാണെന്നും പുതിയ ടീമിനൊപ്പം പ്രവർത്തിക്കാൻ ഏറെ ആവേശമുണ്ടെന്നും പാറ്റിൻസൺ കൂട്ടിച്ചേർത്തു.

SCROLL FOR NEXT