റിയോ ഡി ജനീറോ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാം ബ്രിക്‌സ് ഉച്ചകോടിയിലാണ് ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
'മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദം. പഹല്‍ഗാമില്‍ ഇന്ത്യ നേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണം'- നരേന്ദ്രമോദി പറഞ്ഞു.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തെയും ബ്രിക്‌സ് വിമര്‍ശിച്ചു. ഗാസയില്‍ ഉപാധികളില്ലാതെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ബ്രിക്‌സ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്‌സ് നേതാക്കള്‍ ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.