Reuters: Jonathan Ernst
World

എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൽ ' ഖേദം' പ്രകടിപ്പിച്ച് ഗേറ്റ്‌സ്;പാർലമെന്റ് സമിതിക്ക് മൊഴി നൽകി

2019-ൽ ജയിലിൽ വെച്ച് മരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ ബിൽ ഗേറ്റ്‌സ് മൊഴി നൽകി.

Elizabath Joseph

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികക്കടത്തിന് ഇരയാക്കിയ കേസിൽ 2019-ൽ ജയിലിൽ വെച്ച് മരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ ബിൽ ഗേറ്റ്‌സ് മൊഴി നൽകി. അടച്ചിട്ട മുറിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ, താൻ ആരെയും ചൂഷണം ചെയ്തിട്ടില്ലെന്നും എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. എപ്‌സ്റ്റീന്റെ ദ്വീപിലോ ഫ്ലോറിഡയിലെ വീട്ടിലോ താൻ പോയിട്ടില്ലെന്നും അദ്ദേഹം കമ്മറ്റിയെ അറിയിച്ചു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിൽ ഗേറ്റ്‌സിനെ സമിതി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. എപ്‌സ്റ്റീനുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്നു.

ആഗോള ആരോഗ്യ പദ്ധതികൾക്കായി ശതകോടികൾ സമാഹരിക്കാൻ എപ്‌സ്റ്റീന് കഴിയുമെന്ന ധാരണയിലാണ് 2011-ൽ താൻ അയാളെ പരിചയപ്പെട്ടതെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. എപ്‌സ്റ്റീന്റെ മുൻകാല നിയമപ്രശ്നങ്ങളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും കുറ്റകൃത്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതെയാണ് താൻ കൂടിക്കാഴ്ചകൾക്ക് തയ്യാറായതെന്നും ഇതിൽ തനിക്ക് വലിയ വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. 2011 മുതൽ 2014 വരെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ചകൾ നടത്തിയെങ്കിലും പണം സമാഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് 2014 ഡിസംബറോടെ ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചതായും ഗേറ്റ്‌സ് വ്യക്തമാക്കി. എപ്‌സ്റ്റീനുമായി യാതൊരുവിധ കൂടിക്കാഴ്ചകളും നടത്തരുതായിരുന്നുവെന്നും അതിൽ താൻ ഇപ്പോൾ അതീവ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT