ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് ഇന്ന് Bornil Amin/ unsplash
World

ബംഗ്ലാദേശിൽ നിർണ്ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്; ഹസീനയ്ക്ക് ശേഷം ജനാധിപത്യ പരീക്ഷണത്തിലേക്ക് രാജ്യം

തിരഞ്ഞെടുക്കപ്പെടുന്ന 300 അംഗങ്ങൾക്ക് പുറമെ 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

Elizabath Joseph

ധാക്ക: ഒന്നര പതിറ്റാണ്ടോളം നീണ്ട ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച ബഹുജന പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ഹസീന സർക്കാർ പുറത്താക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിന് കനത്ത സുരക്ഷയിലാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. 300 പാർലമെന്റ് സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ഏകദേശം 12.9 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

തിരഞ്ഞെടുപ്പിൽ നിന്ന് വിലക്ക് നേരിടുന്നതിനാൽ ഹസീനയുടെ അവാമി ലീഗ് ഇക്കുറി മത്സരരംഗത്തില്ല. നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി), ജമാഅത്തെ ഇസ്‌ലാമിയും വിദ്യാർത്ഥി കൂട്ടായ്മയായ എൻ.സി.പിയും ചേർന്ന സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ അയ്യായിരത്തോളം വിദേശ നിരീക്ഷകരും വിന്യസിക്കപ്പെട്ടിട്ടുണ്ട്.

ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള 'ജൂലൈ ചാർട്ടർ' റഫറണ്ടവും ഇതോടൊപ്പം നടക്കുന്നുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 300 അംഗങ്ങൾക്ക് പുറമെ 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തേക്കാണ് പുതിയ പാർലമെന്റ് കാലാവധി.

SCROLL FOR NEXT