ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. ഇപ്പോഴിതാ അവതാർ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'അവതാർ : ഫയർ ആൻഡ് ആഷ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യ ട്രെയ്‌ലർ പുറത്തുവന്നു.
ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഒരു ദൃശ്യവിസ്മയം തന്നെയാകും ഈ മൂന്നാം ഭാഗവും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. ഗംഭീര വിഷ്വൽ ക്വാളിറ്റി സിനിമ ഉറപ്പുനൽകുന്നുണ്ട്. ഈ വർഷം ഡിസംബർ 19 ന് 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.