ABC News: Will Green
World

ഓസ്‌ട്രേലിയൻ വാർ മെമ്മോറിയലിൽ അഫ്ഗാൻ യുദ്ധ ഗാലറി; വിവാദങ്ങൾക്കിടെ ബെൻ റോബർട്ട്സ്-സ്മിത്തിന് ക്ഷണം

അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയ നടത്തിയ സൈനിക ഇടപെടലുകൾ രാജ്യത്തിന് എന്താണ് നൽകിയത് എന്ന ചോദ്യം ഉയർത്തുന്നതാണ് പുതിയ എക്സിബിഷൻ.

Elizabath Joseph

കാൻബറ: കാൻബറയിലെ പ്രശസ്തമായ ഓസ്‌ട്രേലിയൻ വാർ മെമ്മോറിയലിൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിന്റെ ഇരുപത് വർഷത്തെ ചരിത്രം പറയുന്ന പുതിയ ഗാലറി അടുത്ത ആഴ്ച തുറക്കാനിരിക്കെ, അതിലേക്കുള്ള അതിഥി പട്ടികയെച്ചൊല്ലി നയതന്ത്ര-സൈനിക വൃത്തങ്ങളിൽ കടുത്ത ചർച്ചകൾ. അഫ്ഗാനിസ്ഥാനിൽ നിരായുധരായ തദ്ദേശവാസികളെ കൊലപ്പെടുത്തി എന്നതുൾപ്പെടെ അഞ്ച് യുദ്ധക്കുറ്റങ്ങൾ (War crimes) ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന വിക്ടോറിയ ക്രോസ് ജേതാവ് ബെൻ റോബർട്ട്സ്-സ്മിത്തിനെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ, രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ 'വിക്ടോറിയ ക്രോസ്' ലഭിച്ച ജീവിച്ചിരിക്കുന്ന മുഴുവൻ വ്യക്തികളെയും ഇത്തരം പ്രധാന സ്മരണാർത്ഥ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത് സ്ഥാപനത്തിന്റെ പൊതുവായ രീതി മാത്രമാണെന്ന് വാർ മെമ്മോറിയൽ ഡയറക്ടർ മാറ്റ് ആൻഡേഴ്സൺ വ്യക്തമാക്കി. "കഴിഞ്ഞ 125 വർഷത്തിനിടെ 20 ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാരാണ് സൈനിക യൂണിഫോം ധരിച്ചത്. അതിൽ 102 പേർക്ക് മാത്രമാണ് വിക്ടോറിയ ക്രോസ് ലഭിച്ചിട്ടുള്ളത്. നിലവിൽ ജീവിച്ചിരിക്കുന്ന നാല് ജേതാക്കളെയും ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. കോടതി വിധി വരും മുൻപ് ഒരാളുടെയും നിരപരാധിത്വത്തെ ഹനിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ മെമ്മോറിയൽ തയ്യാറല്ലെന്നും, അടുത്ത ആഴ്ചത്തെ ചടങ്ങിൽ പങ്കെടുക്കാൻ പാകത്തിൽ റോബർട്ട്സ്-സ്മിത്തിന്റെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇളവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയ നടത്തിയ സൈനിക ഇടപെടലുകൾ രാജ്യത്തിന് എന്താണ് നൽകിയത് എന്ന ചോദ്യം ഉയർത്തുന്നതാണ് പുതിയ എക്സിബിഷൻ. യുദ്ധത്തിൽ പങ്കെടുത്ത സൈനികർ സ്വന്തത്തോട് തന്നെ ചോദിച്ച ചോദ്യങ്ങളിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ സാന്നിധ്യം ഉള്ള കാലത്ത് അവിടെ ലിംഗസമത്വത്തിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും വലിയ പുരോഗതി ഉണ്ടായതായി ഈ ഗാലറിയുടെ കൾച്ചറൽ അഡ്വൈസറായ ഡോ. ഫർഖൊന്ദേ അക്ബാരി സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ 2021-ൽ സഖ്യസേന അഫ്ഗാൻ വിട്ടതോടെ താലിബാൻ വീണ്ടും ഭരണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ, സൈനിക ഇടപെടലുകൾക്കപ്പുറം അവിടെ സുസ്ഥിരമായ മാറ്റങ്ങൾ വരുത്താൻ എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യവും ഈ പ്രദർശനം മുന്നോട്ട് വെക്കുന്നു.

ഈ പുതിയ ഗാലറിയിൽ യുദ്ധകാലത്ത് സൈനികർ ഉപയോഗിച്ചിരുന്ന 'ബുഷ്മാസ്റ്റർ' സൈനിക വാഹനം, ഓസ്‌ട്രേലിയൻ-അഫ്ഗാൻ കലാകാരന്മാർ സംയുക്തമായി നിർമ്മിച്ച അലങ്കാര തൂവാലകൾ, പ്രശസ്ത ചിത്രകാരൻ ബെൻ ക്വിൽറ്റിയുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 2008-ൽ താലിബാൻ ഒളിയാക്രമണത്തിനിടയിൽ കാണാതാവുകയും 13 മാസങ്ങൾക്ക് ശേഷം അത്ഭുതകരമായി തിരികെ ലഭിക്കുകയും ചെയ്ത 'സാർബി' എന്ന ബോംബ് സ്ക്വാഡ് നായുടെ സ്മരണാർത്ഥം അതിന്റെ ശരീരഭാഗങ്ങൾ സ്റ്റഫ് ചെയ്ത് ഇവിടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നു. യുദ്ധത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും പൂർണ്ണമായ അർത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാർ മെമ്മോറിയലിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ പങ്കെടുത്ത ആർമി വോളന്റിയർമാർ വ്യക്തമാക്കി.

SCROLL FOR NEXT