മോസ്കോ: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് റഷ്യൻ അധീനതയിലുള്ള തെക്കൻ യുക്രേനിയൻ നഗരമായ ഒലേഷ്കിയിൽ (Oleshky) യുക്രെയ്നും റഷ്യയും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനും അവശ്യ മാനുഷിക സഹായങ്ങൾ എത്തിക്കാനുമുള്ള ഇടനാഴി സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്.റഷ്യൻ അധിനിവേശത്തിന് മുമ്പ് 24,000 പേർ അധിവസിച്ചിരുന്ന ഒലേഷ്കിയിൽ നിലവിൽ കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ മാത്രമാണ് അവശേഷിക്കുന്നത്. 2023-ൽ കഖോവ്ക അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വൻ പ്രളയത്തിലും യുദ്ധത്തിലും നഗരം പൂർണ്ണമായും തകർന്നിരുന്നു.
യുക്രേനിയൻ പാർലമെന്ററി മനുഷ്യാവകാശ കമ്മീഷണർ ഡിമിട്രോ ലുബിനെറ്റ്സും റഷ്യൻ മനുഷ്യാവകാശ കമ്മീഷണർ യാന ലാന്ത്രാറ്റോവയും മെലാനിയ ട്രംപുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ഇരുപക്ഷവും വെടിനിർത്തലിന് വഴങ്ങിയത്. റഷ്യൻ സൈന്യം ഖേഴ്സൺ ദിശയിലേക്കുള്ള ഷെല്ലാക്രമണം നിർത്തിവെച്ചതായും മാനുഷിക കോൺവോയികൾ കടന്നുപോകാൻ മൈൻ നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഒലേഷ്കിയിലെ താൽക്കാലിക ഇടനാഴികൾ തുറന്നെങ്കിലും യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. കീവിലെ പ്രധാന സൗത്ത് ബ്രിഡ്ജിനും മെട്രോ റെയിൽവേ സംവിധാനങ്ങൾക്കും നേരെ ചൊവ്വാഴ്ച രാവിലെ റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണമുണ്ടായതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ഒലേഷ്കിയിലെ ഈ പ്രാദേശിക വെടിനിർത്തൽ എത്രനാൾ തുടരുമെന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്ക-റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള നിർണ്ണായക ചുവടുവെപ്പായാണ് നയതന്ത്ര വിദഗ്ദ്ധർ ഇതിനെ വിലയിരുത്തുന്നത്.