“We listen. We partner. We protect” എന്ന മുദ്രാവാക്യത്തിലാണ് പ്രചാരണം.  
World

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി ഓസ്‌ട്രേലിയയുടെ പ്രചാരണം; പ്രതീക്ഷയുമായി അൽബനീസ്

സുരക്ഷാ കൗൺസിലിലെ രണ്ട് താൽക്കാലിക സീറ്റുകളിലൊന്ന് നേടാൻ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണെന്ന് അൽബനീസ് പറഞ്ഞു.

Safvana Jouhar

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ രണ്ട് വർഷത്തെ താൽക്കാലിക അംഗത്വത്തിനായി ഔദ്യോഗിക പ്രചാരണം ആരംഭിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. പ്രധാനമന്ത്രി ആന്തണി അൽബനീസ് ന്യൂയോർക്കിൽ പ്രചാരണത്തിന്റെ വീഡിയോ, ബ്രോഷർ, കംഗാരുവിന്റെ ചിത്രം ഉൾപ്പെടുത്തിയ ലോഗോ എന്നിവ പുറത്തിറക്കും. ഈ വർഷത്തെ യുഎൻ പൊതുസഭാ സമ്മേളനത്തിനായി നിരവധി രാജ്യങ്ങളുടെ നേതാക്കൾ ന്യൂയോർക്കിൽ എത്തുന്ന സാഹചര്യത്തിലാണ് പ്രചാരണത്തിന് തുടക്കമാകുന്നത്.

സുരക്ഷാ കൗൺസിലിലെ രണ്ട് താൽക്കാലിക സീറ്റുകളിലൊന്ന് നേടാൻ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണെന്ന് അൽബനീസ് പറഞ്ഞു. “We listen. We partner. We protect” എന്ന മുദ്രാവാക്യത്തിലാണ് പ്രചാരണം. യുഎൻ സ്ഥാപിക്കുന്നതിൽ ഓസ്‌ട്രേലിയ നിർണായക പങ്കുവഹിച്ചിരുന്നുവെന്നും ചെറുതും ഇടത്തരവുമായ രാജ്യങ്ങളുടെ ശബ്ദം ആഗോള വിഷയങ്ങളിൽ കേൾക്കപ്പെടേണ്ടതിന്റെ പ്രാധാന്യം രാജ്യം എല്ലായ്പ്പോഴും മനസ്സിലാക്കിയിട്ടുണ്ടെന്നും അൽബനീസ് വ്യക്തമാക്കി. ഓൺലൈൻ സുരക്ഷ, സാങ്കേതികവിദ്യാ നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലെ ഓസ്‌ട്രേലിയയുടെ ഇടപെടലുകൾ പ്രചാരണത്തിൽ പ്രധാനമായി ഉയർത്തിക്കാട്ടും. COP31 ചർച്ചകളുടെ അധ്യക്ഷ രാജ്യമെന്ന നിലയിലുള്ള നേതൃത്വവും ഇതിനായി ഉപയോഗപ്പെടുത്താനാണ് നീക്കം. 2029ലെ രണ്ട് താൽക്കാലിക സീറ്റുകളിലേക്ക് നിലവിൽ ഓസ്‌ട്രേലിയയും ഫിൻലൻഡും മാത്രമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 2028 മധ്യത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. വിജയിക്കാൻ 193 അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എല്ലാ അംഗങ്ങളും വോട്ട് ചെയ്താൽ കുറഞ്ഞത് 128 വോട്ടുകൾ നേടണം. ‌‌

2014ലാണ് ഓസ്‌ട്രേലിയ അവസാനമായി യുഎൻ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗമായത്. അന്ന് യുക്രെയ്‌നിന് മുകളിലൂടെ മലേഷ്യൻ എയർലൈൻസ് വിമാനം MH17 തകർന്ന സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുന്നതിൽ ഓസ്‌ട്രേലിയ പ്രധാന പങ്കുവഹിച്ചു. സംഭവത്തിൽ 298 പേർ കൊല്ലപ്പെട്ടിരുന്നു; 38 പേർ ഓസ്‌ട്രേലിയക്കാരായിരുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതാണ് സുരക്ഷാ കൗൺസിലിന്റെ പ്രധാന ചുമതല. എന്നാൽ ആഗോള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലെ കൗൺസിലിന്റെ കാര്യക്ഷമതയെക്കുറിച്ച് വിമർശനങ്ങൾ തുടരുകയാണ്. റഷ്യയും ചൈനയും ഉൾപ്പെടെ അഞ്ച് സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരമുള്ളതും തീരുമാനങ്ങളിലെ പ്രധാന ഘടകമാണ്.

പ്രധാനമന്ത്രി ആന്തണി അൽബനീസ്

സുരക്ഷാ കൗൺസിലിന് പരിഷ്‌കരണം ആവശ്യമാണെന്നും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അൽബനീസ് പറഞ്ഞു. യുക്രെയ്‌നിലെയും മധ്യപൂർവദേശത്തെയും സംഘർഷങ്ങൾ തുടരുന്നതിനിടയിൽ സുരക്ഷാ കൗൺസിലിൽ അംഗത്വം ലഭിക്കുന്നത് നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമത്തിനായി ഓസ്‌ട്രേലിയക്ക് കൂടുതൽ ശക്തമായി ഇടപെടാൻ അവസരം നൽകുമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങും വ്യക്തമാക്കി. അധികാരവും ശക്തിയും മാത്രം അടിസ്ഥാനമാക്കാതെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ലോകമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യമെന്നും എല്ലാ രാജ്യങ്ങൾക്കും സ്വന്തം ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വോങ് പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇടത്തരം ശക്തിയെന്ന നിലയിൽ ഓസ്‌ട്രേലിയക്ക് പ്രായോഗിക സംഭാവന നൽകാനാകുമെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT