Reuters: Hannah McKay
World

'അസോസ് ഹാക്ക് ചെയ്യപ്പെട്ടു'; ഉപഭോക്താക്കൾക്ക് സന്ദേശം, ഡാറ്റാ ചോർച്ചയിൽ അന്വേഷണം ആരംഭിച്ച് അധികൃതർ

സംഭവത്തിൽ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തുകയും നോട്ടിഫിക്കേഷനിൽ വന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Elizabath Joseph

ലണ്ടൻ: പ്രമുഖ ആഗോള ഫാഷൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ അസോസിന്റെ (Asos) മൊബൈൽ ആപ്പ് ഉപഭോക്താക്കൾക്ക് അജ്ഞാതരുടെ ഹാക്കിംഗ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വ്യാപക സൈബർ സുരക്ഷാ അന്വേഷണം. ചൊവ്വാഴ്ച രാത്രിയാണ് ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണുകളിൽ "ASOS HACKED" എന്ന തലക്കെട്ടോടെ അടിയന്തര പുഷ് നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടത്. കമ്പനിയുടെ ക്ലൗഡ് ഡാറ്റാബേസായ സ്നോഫ്ലേക് (Snowflake) പൂർണ്ണമായി ഹാക്ക് ചെയ്തെന്നും തങ്ങളുമായി ബന്ധപ്പെട്ടില്ലെങ്കിൽ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നുമായിരുന്നു സന്ദേശം. ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ ഉപഭോക്തൃ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് സ്നോഫ്ലേക്ക്.

സംഭവത്തിൽ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തുകയും നോട്ടിഫിക്കേഷനിൽ വന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഉപഭോക്താക്കളുടെ പേര്, കോൺടാക്റ്റ് വിവരങ്ങൾ തുടങ്ങിയ പ്രാഥമിക ഡാറ്റകൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് യുകെ ആസ്ഥാനമായ കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ബാങ്ക് കാർഡ് വിവരങ്ങളോ അക്കൗണ്ട് പാസ്‌വേഡുകളോ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ വിദഗ്ദ്ധരുമായും സൈബർ അന്വേഷണ ഏജൻസികളുമായും ചേർന്ന് കമ്പനി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച പുറത്തുവന്നതിനെത്തുടർന്ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ അസോസിന്റെ ഓഹരി മൂല്യത്തിൽ പത്ത് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

SCROLL FOR NEXT