ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ പൂര്‍ത്തിയായി. ഇത്തവണത്തെ പരിശോധനയില്‍, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് ആര്‍ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും പൂർത്തിയാക്കി. വെറ്റ് ഡ്രെസ് റിഹേഴ്‌സലില്‍ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷം ആർട്ടിമിസ് 2 വിക്ഷേപണ തീയതി നാസ പ്രഖ്യാപിക്കും.