Andrew Tate, right, Tristian Tate  (Julia Demaree / AP)
World

ലൈംഗിക കുറ്റക്കേസിൽ ആൻഡ്രൂ ടേറ്റ്, ട്രിസ്റ്റൻ ടേറ്റ് സഹോദരങ്ങൾ മിയാമിയിൽ അറസ്റ്റിൽ

2012 മുതൽ 2015 വരെ ലണ്ടനിൽ നടന്നതായി ആരോപിക്കുന്ന ബലാത്സംഗവും ലൈംഗിക മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലാണ് ടേറ്റ് സഹോദരങ്ങളെ ബ്രിട്ടൻ തേടിയിരുന്നത്.

Safvana Jouhar

വിവാദ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ആൻഡ്രൂ ടേറ്റിനെയും ട്രിസ്റ്റൻ ടേറ്റിനെയും ബ്രിട്ടനിലെ ബലാത്സംഗ, മനുഷ്യക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ മിയാമിയിൽ അറസ്റ്റ് ചെയ്തു. 2012 മുതൽ 2015 വരെ ലണ്ടനിൽ നടന്നതായി ആരോപിക്കുന്ന ബലാത്സംഗവും ലൈംഗിക മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലാണ് ടേറ്റ് സഹോദരങ്ങളെ ബ്രിട്ടൻ തേടിയിരുന്നത്. ഇവരെ അമേരിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കൈമാറാൻ (എക്‌സ്ട്രഡിഷൻ) ബ്രിട്ടീഷ് പ്രോസിക്യൂട്ടർമാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആൻഡ്രൂ ടേറ്റ് ഒരു ബെയർ-നക്കിൽ ബോക്സിങ് പരിപാടിയുടെ സഹ-അവതാരകനാകാൻ ഒരുങ്ങുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇരട്ട പൗരത്വമുള്ള ടേറ്റ് സഹോദരങ്ങൾ 2016-ലാണ് റൊമാനിയയിലേക്ക് താമസം മാറിയത്. എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി സഹോദരങ്ങളുടെ അഭിഭാഷകൻ അറിയിച്ചു. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ റൊമാനിയയിലും ഇവർ നേരത്തെ നിയമനടപടികൾ നേരിട്ടിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. അതേസമയം അതിശക്തമായ പുരുഷാധിപത്യ ആശയങ്ങളും സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ ടേറ്റ് സഹോദരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ അനുയായികളെ നേടിയിട്ടുണ്ട്. പ്രത്യേകിച്ച് നിരവധി യുവാക്കളും കൗമാരക്കാരും ഇവരുടെ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്.

Reported with Associated Press

SCROLL FOR NEXT