വാഷിങ്ടൺ: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ മീസിൽസ് (അഞ്ചാംപനി) വ്യാപനമാണ് അമേരിക്ക നേരിടുന്നത്. 2026ൽ രാജ്യത്ത് ഇതുവരെ ഏകദേശം 3,900 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1991ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പെൻസിൽവാനിയയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് മീസിൽസ് കേസുകളുടെ എണ്ണം 1,000 കടന്നു. 2026ൽ ഇതുവരെ 1,004 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യ അധികൃതർ അറിയിച്ചു. അഞ്ച് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയ്ക്കിടയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ മീസിൽസ് വ്യാപനമാണിത്.
അതിനിടെ, ന്യൂയോർക്കിലും മീസിൽസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗവർണർ കാത്തി ഹോക്കൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ടോബർ 3 വരെ ന്യൂയോർക്കിൽ 108 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 92 കേസുകളും ജൂലൈ മധ്യത്തിന് ശേഷമാണ് സ്ഥിരീകരിച്ചത്. 2026ലെ മീസിൽസ് കേസുകളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരിലോ വാക്സിനേഷൻ നില വ്യക്തമല്ലാത്തവരിലോ ആണെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 1 വരെയുള്ള കണക്കിൽ 3,887 സ്ഥിരീകരിച്ച കേസുകളാണ് CDC റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ന്യൂയോർക്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് മീസിൽസ്, മംപ്സ്, റൂബെല്ല (MMR) വാക്സിൻ നൽകാനുള്ള അനുമതിയും പരിശോധനാ നടപടികളിൽ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
അമേരിക്കയിൽ 2000ൽ മീസിൽസ് വ്യാപനം ഔദ്യോഗികമായി ഇല്ലാതാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കേസുകൾ വീണ്ടും കുത്തനെ ഉയരുകയാണ്.