ഫോട്ടോഷോപ്പിൻ്റെ ബീറ്റ പതിപ്പിൽ ജനറേറ്റീവ് ഫിൽ ടൂളിലേക്ക് ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് (നാനോ ബനാന), ബ്ലാക്ക് ഫോറസ്റ്റ് ലാബ്സിന്റെ FLUX.1 കോണ്ടെക്സ്റ്റ് (പ്രോ) എന്നിവ ചേർക്കുന്നതായി പ്രഖ്യാപിച്ച് അഡോബ്. ഫോട്ടോഷോപ്പിനോട് സംയോജിപ്പിക്കുന്ന ആദ്യത്തെ അഡോബ് ഇതര AI മോഡലുകളാണ് ഇവയെന്നതും പ്രത്യേകതയാണ്. നാനോ ബനാനയും (ജെമിനി 2.5 ഫ്ലാഷ് ഇമേജ്), FLUX.1 കോണ്ടെക്സ്റ്റും (പ്രോ) ഫോട്ടോഷോപ്പ് ബീറ്റയിൽ ലഭ്യമാണെന്ന് കഴിഞ്ഞ ദിവസമാണ് അഡോബ് അറിയിച്ചത്. ജെമിനി 2.5 ഫ്ലാഷ് ഇമേജ് നേരത്തെ അഡോബ് എക്സ്പ്രസിലേക്ക് ചേർത്തിട്ടുണ്ടെന്നും അഡോബ് വ്യക്തമാക്കിയിരുന്നു. Stylised Elements, Graphic Details, 'സാങ്കൽപ്പിക രംഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ' എന്നി ഉദ്ദേശിച്ചുള്ളതാണ് ഗൂഗിൾ നാനോ ബനാന എന്ന് വിളിക്കുന്ന ജെമിനി 2.5 ഫ്ലാഷ് ഇമേജ് മോഡലിൻ്റെ ഫോട്ടോഷോപ്പിലേയ്ക്കുള്ള കൂട്ടിച്ചേർക്കൽ എന്നാണ് അഡോബ് ചൂണ്ടിക്കാണിക്കുന്നത്. ഇമേജുകൾ കൂട്ടിച്ചേർക്കുമ്പോഴോ മാറ്റം വരുത്തുമ്പോഴോ കൂടുതൽ മനോഹാരിത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായിഫോട്ടോഷോപ്പിന്റെ ജനറേറ്റീവ് ഫില്ലിനുള്ളിലെ ഒരു ഓപ്ഷനായിട്ടാണ് നാനോ ബനാനയെ കൂട്ടിച്ചേർത്തിരിക്കുന്നതെന്നാണ് അഡോബ് വ്യക്തമാക്കുന്നത്.
മൾട്ടി-മോഡൽ ഓപ്ഷൻ ജനറേറ്റീവ് ഫില്ലിനുള്ളിൽ നേരിട്ട് ലഭ്യമാണെന്നും അതുവഴി ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത മോഡൽ ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കാനും തുടർന്ന് ലെയറുകൾ, മാസ്കുകൾ, സെലക്ഷനുകൾ പോലുള്ള ഫോട്ടോഷോപ്പിന്റെ നിലവിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആപ്പിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താനും കഴിയുമെന്നാണ് അഡോബ് വ്യക്തമാക്കുന്നത്. ഫോട്ടോഷോപ്പിനുള്ളിൽ പ്രോംപ്റ്റ് അധിഷ്ഠിത എഡിറ്റുകളും തുടർന്ന് പിക്സൽ ലെവൽ പരിഷ്കരണവും നടത്തുന്നതിനെക്കുറിച്ച് അഡോബ് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.