കാലിഫോർണിയ: അഞ്ച് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിലാണ് തിരിച്ചിറങ്ങിയത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി.
ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.