സിപിആർ പരിശീലനം നല്കുന്നു  Martin Splitt/ Unsplash
Kerala

ലോക ഹൃദയ ദിനം: സിപിആർ പരിശീലന പദ്ധതിയുമായി ആരോഗ്യവകുപ്പ്

സിപിആർ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ ആരംഭിക്കും

Elizabath Joseph

തിരുവനന്തപുരം: പ്രഥമശുശ്രൂഷകളില് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ . ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോൾ തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ ഉള്ള ഏറ്റവും പ്രധാന മാർഗമാണ് സിപിആർ. ഇപ്പോഴിതാ സിപിആർ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, റെസിഡൻസ് അസോസിയേഷൻ, വിവിധ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി പേർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) ഉണ്ടാകുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് എല്ലാവർക്കും പരിശീലനം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കൽ കോളേജുകളിലും പരിശീലനത്തിനായി കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്ടർമാരും പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നൽകി. സിപിആർ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോർട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.

SCROLL FOR NEXT