തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ് പാർട്ടി കോൺക്ലേവ് സംഘടിപ്പിക്കും. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് നടത്തിയതുപോലെ, ഇത്തവണയും ജനുവരിയിൽ വയനാട്ടിലായിരിക്കും കോൺക്ലേവ്. കെപിസിസി കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോൺക്ലേവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്കരിക്കും. ശബരിമല സ്വർണക്കടത്ത് കേസും തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളും പ്രചാരണത്തിൽ സജീവമായി ഉയർത്തിക്കാട്ടും. ലോക്‌ഭവനു മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിച്ച് രാപകൽ സമരം നടത്താനും തീരുമാനമായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചുവെന്ന് യോഗം വിലയിരുത്തി. എ.കെ. ആന്റണി മുഴുവൻ സമയവും യോഗത്തിൽ പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിനെത്തി.