En Ooru tribal heritage village, Wayanad Kerala Tourism
Wayanad

ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരത്തിൽ എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്

നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്.

Elizabath Joseph

കൽപ്പറ്റ: കേരളത്തിന്‍റെ ഗോത്രചരിത്രമുറങ്ങുന്ന ഇടമാണ് വയനാട്ടിലെ എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്. വൈവിധ്യങ്ങളായ പാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും ചരിത്രങ്ങളെയും ഏറ്റവും മനോഹരമായി ഒന്നിച്ചു ചേർക്കുന്ന ഇടം ഇന്ന് വയനാട്ടിലെ ഏറ്റവും ആകർഷണീയമായ സന്ദർശന ഇടങ്ങളിലൊന്നാണ്. കേരളത്തനകത്തും പുറത്തും നിന്ന് നിരവധി സന്ദർശകര്‍ എത്തിച്ചേരുന്ന എൻ ഊര് പൈതൃക ഗ്രാമം ഇപ്പോൾ അഭിമാനിക്കുന്നത് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരത്തിലാണ്.

ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. സ്വതന്ത്രമായ പ്രവർത്തന രീതിയിലൂടെയും സഹകരണ സംവിധാനത്തിലൂടെയുമാണ് എൻ ഊര് നേട്ടം കൈവരിച്ചത്.

നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്‌ധരും ചേർന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ ഊര് തിരഞ്ഞെടുക്കപ്പെട്ടത്

സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങളിൽ എടുക്കുന്ന ശക്തമായ ഇടപെടലുകളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.

അംഗീകാര സർട്ടിഫിക്കറ്റ് ഗ്രീൻ ഡെസ്റ്റിനേഷൻ ഇന്ത്യ പ്രതിനിധിയായ അപർണ്ണ സബ് കളക്‌ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മിസാൽ സാഗർ ഭരതിന് കൈമാറി. പരിപാടിയിൽ എൻ ഊര്' സെക്രട്ടറി മണി മീഞ്ചാൽ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, പ്രൊജക്‌ട് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

SCROLL FOR NEXT