Anil Jose Xavier/ Unsplash
Wayanad

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാൻ ജില്ലാ കളക്ടർ എത്തുന്നു

പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.

Elizabath Joseph

കല്പറ്റ: ജനങ്ങളുടെ പ്രശ്നം കേള്‍ക്കാനും പരിഹരിക്കാനും ജില്ലാ കളക്ടർ നേരിട്ട് എത്തുന്നു. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ കേള്‍ക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.

Read More: ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരത്തിൽ എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്

ജനങ്ങള്‍ക്കായി, ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിന്റെ ആദ്യഘട്ട പര്യടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. പരിഹാര പരിപാടിയിലേക്ക് ഇന്ന് (ഓഗസ്റ്റ് 19) മുതല്‍ 23 വരെ വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ പിണങ്ങോട് അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കി ദ്രുതഗതിയില്‍ പരിഹാരം ഉറപ്പാക്കും.

പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനഃരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍-ചികിത്സാ ആവശ്യങ്ങള്‍ക്ക്), കര്‍ഷിക വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യം, വനം-വന്യജീവി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/അപേക്ഷകള്‍, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പെന്‍ഷനുകള്‍ (വിവാഹ/ പഠനധന സഹായം/ ക്ഷേമം), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, തെരുവുനായ ശല്യം, തെരുവു വിളക്കുകള്‍, കൃഷി നാശത്തിനുള്ള സഹായങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ എന്നിവയാണ് സ്വീകരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസല്‍സ്,ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതി തള്ളല്‍, പോലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല. ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടി മറ്റു പഞ്ചായത്തുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

SCROLL FOR NEXT