'തുടക്ക'ത്തിന് ആശംസകളുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും 
Kerala

വിസ്മയാ മോഹൻലാലിന്റെ 'തുടക്ക'ത്തിന് ആശംസകളുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അഭിനയ അരങ്ങേറ്റം.

Elizabath Joseph

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' എന്ന ചിത്രത്തിന് ഹൃദയംഗമമായ ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖർ സൽമാനും. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആശംസകൾ പങ്കുവെച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അഭിനയ അരങ്ങേറ്റം.

"തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയാ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും" - മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടിയുടെ ആശംസ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ അദ്ദേഹത്തിന് നന്ദി അറിയിച്ചു. സിനിമയുടെ അത്ഭുതലോകത്തേക്ക് ചുവടുവെക്കുന്ന വിസ്മയയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ദുൽഖർ സൽമാനും കുറിച്ചു.

കുടുംബബന്ധങ്ങളുടെ ആഴവും ത്രില്ലർ മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹൻലാലും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആശിഷ് ജോ ആന്റണിയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

SCROLL FOR NEXT