ന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു PRD
Kerala

വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ ബിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും

ഉന്നത വിദ്യാഭ്യാസത്തെ പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിലേക്ക് കൊണ്ട് വരുന്ന ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Elizabath Joseph

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ ബിൽ, 2025 ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഫെഡറൽ തത്വങ്ങളുടെ പൂർണമായ ലംഘനമാണിതെന്നു മന്ത്രി പറഞ്ഞു.

കൺകറന്റ് ലിസ്റ്റിൽ പെട്ട ഉന്നത വിദ്യാഭ്യാസത്തെ പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിലേക്ക് കൊണ്ട് വരുന്ന ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ് 45, 47 പ്രകാരം കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചാകും വ്യത്യസ്ത കൗൺസിലുകൾ പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പരിമിതമായ ഗ്രാന്റ് പോലും ഇല്ലതാക്കി എല്ലാ ഫണ്ടിങ്ങും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വഴി ആക്കി മാറ്റിയിട്ടുണ്ട്. ഇത് വഴി കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കും. മാത്രമല്ല, കേരളം പോലെ കേന്ദ്ര നയങ്ങളെ ചെറുക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് ഒന്നും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.

സംസ്ഥാന സർക്കാരിന്റെ ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കരിക്കുലം, സിലബസ് എന്നീ മേഖലകളിൽ അടക്കം കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാനുള്ള അവസരം ബിൽ നൽകുന്നുണ്ട്. ഇത് വലിയ പ്രത്യാഘതങ്ങൾ സൃഷ്ടിക്കും. കേരളം മാറ്റി നിർത്തിയ യുജിസി യുടെ ഇന്ത്യൻ നോളജ് സിസ്റ്റം അടക്കം ഇത് വഴി കരിക്കുലത്തിൽ വരും. കമ്മീഷന്റെ നിർദേശങ്ങൾ അനുസരിക്കാത്ത സ്ഥാപനങ്ങൾക്ക് 10 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ ഫൈൻ ചുമത്താൻ അധികാരം നൽകുന്നുണ്ട്. പൂർണമായും സംസ്ഥാന ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇത് വഴി കേന്ദ്ര സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിന് നിർബന്ധിക്കും. കമ്മീഷന്റെ നിർദേശം അനുസരിക്കാത്ത സ്ഥാപനങ്ങളെ അടച്ചു പൂട്ടാൻ വരെ ഈ ബിൽ കമ്മീഷന് അധികാരം നൽകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT