വാര്യാന്ത്യങ്ങളിലോ വൈകുന്നേരങ്ങളിലോ ഒക്കെ വർക്കലയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പണി കിട്ടാതെ ശ്രദ്ധിച്ചോ. പ്രധാന നിരത്തുകളിലടക്കം വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളും തീർത്ഥാടകരും സ്ഥിരമായി എത്തുന്ന ഇവിടെ വാഹനത്തിരക്കിനൊപ്പം കുരുക്ക് കൂടിയാകുമ്പോൾ സമയനഷ്ടവും ബുദ്ധിമുട്ടും മാത്രമാണ് ഫലം.
ഇത്രയും അസൗകര്യങ്ങള്‍ നേരിടുമ്പോഴും ഓട്ടമേറ്റഡ് ട്രാഫിക് സിഗ്നൽ സംവിധാനം അടക്കമുള്ള സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ഓണക്കാലത്ത് വൻ തിരക്ക് കണക്കിലെടുത്ത് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
വാഹനത്തിരക്കുള്ള സ്ഥലങ്ങൾ
വർക്കല കല്ലമ്പലം റോഡിൽ പുത്തൻചന്ത മുതൽ മൈതാനം വരെ
മൈതാനം–ക്ഷേത്രം റോഡ്,
മൈതാനം–റെയിൽവേ സ്റ്റേഷൻ–പുന്നമൂട് എന്നിവിടങ്ങളിലാണ് വാഹന തിരക്കേറിയിരിക്കുന്നത്.
പാർക്കിങ് കൃത്യമായി പാലിക്കാതെ, റോഡിനിരുവശവും പാർക്ക് ചെയ്യുന്നതും ജംങ്ഷനുകളിലും വളവുകളിലും പാർക്ക് ചെയ്യുന്നതു വരെ പലയിടങ്ങളിലും വ്യാപകമാണ്. നടന്നുപോകുവാൻ പോലും പല സ്ഥലങ്ങളിലും ബുദ്ധിമുട്ടാണ്. വർക്കല–കല്ലമ്പലം റോഡിലെപാലച്ചിറയിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം വർഷങ്ങളായി നിലവിലുണ്ട്. നഗരത്തിലെ നിയമലംഘനങ്ങൾക്കു പിഴ ചുമത്താമെങ്കിലും പൊലീസ്, ആർടിഒ സംവിധാനങ്ങൾ കണ്ടില്ലെന്ന മട്ടിലാണ്.