പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്ദന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.