തിരുവനന്തപുരം: എം.എസ്.സി എല്‍സ-ത്രീ കപ്പലപകടം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. അപകടം നടന്നത് മീനുകളുടെ പ്രജനനകാലത്തായതിനാല്‍ മുട്ടകള്‍ ചുരുങ്ങി പോയെന്നും രൂപമാറ്റം സംഭവിച്ചെന്നുമാണ് സൂചന. ഇത്തരം മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന മീനുകള്‍ക്ക് വൈകല്യവുമുണ്ടാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. അപകടത്തിന്റെ പ്രത്യാഘാതം അടുത്ത വര്‍ഷം പ്രതിഫലിക്കുമെന്നും കപ്പലിലുണ്ടായിരുന്ന രാസവസ്തുക്കള്‍ സമുദ്ര ജീവികള്‍ക്ക് അപകടമുണ്ടാക്കുമെന്നും അത് മനുഷ്യരെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. വെള്ളവുമായുള്ള ചില രാസവസ്തുക്കളുടെ പ്രവര്‍ത്തനമാണ് ഈ പ്രതിസന്ധിക്ക് പിന്നില്‍. കേരള ഫിഷറീസ് സര്‍വകലാശാലയാണ് പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2025 മെയ് അഞ്ചിനാണ് എം.എസ്.സി എല്‍സ-ത്രീ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കൊച്ചി തീരത്താണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്നും പോകും വഴിയായിരുന്നു അപകടം. 470 ഓളം കണ്ടെയ്‌നറുകളടങ്ങിയ കപ്പലായിരുന്നു മുഴുവനായും കടലില്‍ മുങ്ങിയത്. അപകടം നടക്കുമ്പോള്‍ 84 ടണ്‍ മറൈന്‍ ഡീസല്‍, 367 ടണ്‍ സള്‍ഫര്‍ അടങ്ങിയ എണ്ണ, അറുപത് കണ്ടെയ്‌നറുകളില്‍ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റുകള്‍, 58 കണ്ടെയ്‌നറുകളില്‍ കാത്സ്യം ഓക്‌സൈഡ് തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്. ഇവ മത്സ്യസമ്പത്തിനെ ബാധിക്കുമെന്നാണ് ഫിഷറീസ് സര്‍വകലാശാല വ്യക്തമാക്കുന്നത്.കൂടാതെ പ്രതിമാസം സമുദ്രോപരിതലത്തില്‍ പരിശോധന നടത്തണമെന്നും വ്യക്തവും കൃത്യവുമായ നിരീക്ഷണമുണ്ടാകണമെന്നും റിപ്പോർട്ടിൻ നിര്‍ദേശമുണ്ട്. മത്സ്യഇനങ്ങളുടെ മാറ്റം പഠിക്കാന്‍ ലബോറട്ടറി പഠനം നടത്തണം, മുട്ടകളും ലാര്‍വകളും പരിശോധിക്കണം, സമുദ്ര സുരക്ഷാ പ്രോട്ടോക്കോള്‍ തയ്യാറാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.അതേസമയം എം.എസ്.സി കപ്പലപകടത്തില്‍ ഷിപ്പിങ് കമ്പനിക്കെതിരെ കേസെടുത്തിരുന്നു. കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.