Thiruvananthapuram Medical College
Trivandrum

ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതി

അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണം

Safvana Jouhar

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്താനാണ് നിർദ്ദേശം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നതാണ് ഉത്തരവിൽ പറയുന്നത്.

ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിലുള്ളത്. ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ ആണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ഡോ ഹാരിസ് ഹസൻ ഇന്നും ആവർത്തിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി സംസാരിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞിരുന്നു. സർക്കാർ ആശുപത്രികളെ മൊത്തത്തിൽ താറടിക്കുന്നത് ശരിയല്ലെന്നും ഉപകരണ ക്ഷാമത്തെ കുറിച്ച് ഡോക്ടർ ഹാരിസ് ഹസ്സൻ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT