Trivandrum

ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ "സി എം വിത്ത് മീ"

ഭരണത്തില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സി എം വിത്ത് മീ' എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കും.

Safvana Jouhar

തിരുവനന്തപുരം: ഭരണത്തില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സി എം വിത്ത് മീ' എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കും. ഇതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ ഇതുവഴി സാധിക്കും. സുതാര്യവും നൂതനവുമായ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജനങ്ങള്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമല്ല, നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവപങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കുകയെന്നും യോഗം വിലയിരുത്തി. പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക, പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ഉറപ്പാക്കുക, സ്ഥിരതയുള്ള ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

SCROLL FOR NEXT