Trivandrum

മാധ്യമപ്രവർത്തകയോട് കയർത്ത രാജീവ് ചന്ദ്രശേഖറിന് വിമർശനം

അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി.

Safvana Jouhar

തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ക്ഷുഭിതയായി സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാപക വിമർശനം. തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകയോട് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി സംസാരിച്ചത്. 'നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ? മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല' എന്നെല്ലാം രാജീവ് ചന്ദ്രശേഖർ ക്ഷോഭിച്ച് പറഞ്ഞിരുന്നു. അനിലിനെ പ്രതിസന്ധി സമയത്ത് ബിജെപി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞുവെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് കയർത്തുകൊണ്ട് പറഞ്ഞിരുന്നു. അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി.

'നീ' പോലും.. ചോദ്യങ്ങൾ ചോദിക്കുകതന്നെ ചെയ്യും' എന്നാണ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ആയിരക്കണക്കിന് 'നീ'കൾ ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തുമെന്നാണ് എ എ റഹീം എംപിയുടെ പ്രതികരണം. തങ്ങൾ മലയാളികൾ ചോദ്യങ്ങൾ ചോദിച്ചു വളർന്നവരാണ്. താങ്കൾക്ക് പരിചയമുള്ള നാട്ടിലെല്ലാം നാവടക്കുന്നവരെ 'ജി' യും 'ജയ്‌' യും വിളിച്ചു പേടിച്ചു ദാസ്യം കാണിക്കുന്ന അടിമ മനുഷ്യരെ മാത്രം പരിചയപ്പെട്ടതിന്റെ പ്രശ്‌നമാണ്. ഇത് കേരളമാണ്. നിങ്ങൾക്ക് മലയാളിയെ മനസ്സിലായിട്ടില്ലെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. ഈ മുതലാളി പെൺപിള്ളേരുടെ കയ്യിൽനിന്ന് വാങ്ങും എന്നാണ് തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ചോദ്യം ചോദിക്കുക എന്നത് മാധ്യമ ധർമ്മമാണെന്നും പേടിച്ച് ഓടുക എന്നത് ബിജെപി തന്ത്രമാണെന്നുമാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചത്. ഓടുന്ന വഴിക്ക് 'കാണിച്ചു തരാം' എന്ന് ഭീക്ഷണിപ്പെടുത്തുന്നത് രാജീവ് ചന്ദ്രശേഖർ ജി യുടെ അൽപത്തരമാണെന്നും ശിവപ്രസാദ് കുറിച്ചു.

SCROLL FOR NEXT