ഷിഗെല്ല  
Kerala

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; പത്തുപേർക്ക് കൂടി രോഗബാധ, ഈ മാസം മാത്രം 6 മരണം; അതീവ ജാഗ്രത

നിപ വൈറസ് പോലെ തന്നെ അതിവേഗം വ്യാപിക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകുന്നു.

Elizabath Joseph

തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തി ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ അതിവേഗം പടരുന്നു. സംസ്ഥാനത്ത് പത്തുപേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം (5), കോഴിക്കോട് (4), വയനാട് (1) എന്നിങ്ങനെയാണ് ശനിയാഴ്ച രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 266 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 190 പേർക്ക് രോഗം ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് (Outbreak) പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയ്ക്ക് പുറമെ മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം ഉൾപ്പെടെയുള്ള മറ്റ് ഏഴോളം ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ വൈറസ് പോലെ തന്നെ അതിവേഗം വ്യാപിക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഷിഗെല്ല? രോഗലക്ഷണങ്ങളും പ്രതിരോധവും:

കുടലിനെ ബാധിക്കുന്ന ഒരു മാരക ബാക്ടീരിയ അണുബാധയാണിത്. മലത്തിലൂടെ പുറന്തള്ളപ്പെടുന്ന ബാക്ടീരിയകൾ മലിനജലം, കേടായ ഭക്ഷണം, വ്യക്തിശുചിത്വമില്ലായ്മ എന്നിവയിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത വയറിളക്കം, വയറുവേദന, പനി, മലത്തോടൊപ്പം രക്തം പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോഴും ശീതീകരിച്ച ഭക്ഷണങ്ങൾ കഴിക്കുമ്പോഴും കടുത്ത ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഒ.ആർ.എസ് (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കുടിച്ച് നിർജ്ജലീകരണം തടയണമെന്നും എത്രയും വേഗം ഡോക്ടറെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

SCROLL FOR NEXT