മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി ലോഞ്ച് ചെയ്തു. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. തൃശൂര്‍ രാഗം തിയേറ്ററില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ നിര്‍മാതാവ് ആന്റോ ജോസഫ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ മെയ് 1 ന് പ്രദര്‍ശനത്തിനെത്തും. നയന്‍താരയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിന്നാലെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍, തുടങ്ങിയവരുമെത്തുന്നു. ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.