ചെന്താമര കുറ്റക്കാരനെന്ന് കോടതി  (File)
Palakkad

നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

നെന്മാറയിൽ സജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

Safvana Jouhar

പാലക്കാട്: നെന്മാറയിൽ സജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെയാണ് ചെന്താമര വിധികേട്ടത്. തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.

2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഈ വർഷം ജനുവരിയിൽ ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.

'ചെന്താമരയെ തൂക്കിലേറ്റണം. ചെന്താമര അച്ഛനേയും അമ്മയേയും മുത്തശ്ശിയേയും കൊന്നു. ചെന്താമര ജീവിച്ചിരിക്കുന്നത് തന്നെ ഭയമാണ്. ഞങ്ങളെയും ആക്രമിക്കുമോ എന്ന ഭയത്തിൽ ഉറങ്ങാൻ പോലും കഴിയാറില്ല. പോത്തുണ്ടിയിൽ ബോയൻ നഗറിലെ പലരും ചെന്താമരയെ ഭയന്ന് താമസം മാറി. സ്വസ്ഥമായി ഭയമില്ലാതെ ജീവിക്കാൻ ചെന്താമരയെ വധശിക്ഷയ്ക്ക് വിധിക്കണം', മക്കൾ പ്രതികരിച്ചു. ചെന്താമരയ്ക്ക് കടുത്ത ശിക്ഷ നൽക്കണമെന്ന് സജിതയുടെ അമ്മയും റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഇനി ഒരു കുടുംബത്തിനും ഇത് സംഭവിക്കരുതെന്നും അമ്മ പറഞ്ഞു. മക്കൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌തെന്നും എന്നാൽ നൽകിയില്ലെന്നും സജിതയുടെ അമ്മ കൂട്ടിച്ചേർത്തു. എന്നാൽ ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടു. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു.

SCROLL FOR NEXT