ഓണക്കാലത്ത് മറുനാട്ടിലുള്ളവരെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത് നാട്ടിലെത്താനുള്ള ടിക്കറ്റ് നിരക്കാണ്. മൂന്നും നാലും ഇരട്ടിയൊക്കെ ടിക്കറ്റ് ഉയരുന്നത് പലപ്പോഴും സാധാരണമാണ്. കെഎസ്ആർടിസി പ്രഖ്യാപിക്കുന്ന അധിക സർവീസുകൾ യാത്രക്കാർക്ക് ആശ്വാസമാകാറുണ്ടെങ്കിലും പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ ടിക്കറ്റുകളും തീരുമെന്നതാണ് യാഥാർത്ഥ്യം.
ഇപ്പോഴിതാ, നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യൽ ബസുകൾക്കു പുറമേ പ്രതിദിനം 19 ബസുകൾ കൂടി കേരള ആർടിസി പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ 15 വരെയാണ് ഈ സര്‍വീസ്. ഏറ്റവും പുതിയതായി കെഎസ്ആർടിസി പുറത്തിറക്കിയ ബസുകളാണ് ആദ്യ സർവീസിനായി ബെംഗളൂരുവിലേക്ക് പോകുന്നത്.
ഇതില്‍ എസി സ്ലീപ്പർ കൊട്ടാരക്കരയിലേക്കും എസി സീറ്റർ കം സ്ലീപ്പർ തിരുവനന്തപുരത്തേക്കുമാണ് അനുവദിച്ചത്. കൂടാതെ, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് 8 സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകളും സർവീസ് നടത്തും.
മൈസൂരിൽ നിന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും സ്പെഷ്യൽ ബസുകള്‍ സർവീസ് നടത്തുന്നു. പാലാ, തൃശൂർ, കണ്ണൂർ റൂട്ടുകളിലാണ് സർവീസ്.
പാലാ ഫാസ്റ്റ് പാസഞ്ചർ (ബത്തേരി, കോഴിക്കോട് വഴി), രാത്രി 7.30.
തൃശൂർ ഫാസ്റ്റ് പാസഞ്ചർ (ബത്തേരി, കോഴിക്കോട് വഴി)-വൈകിട്ട് 5.00
കണ്ണൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് (ഇരിട്ടി, മട്ടന്നൂർ വഴി)- രാത്രി 8.00, 10.00 എന്നിങ്ങനെയാണ് സമയക്രമം.