ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ PRD
Kerala

സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം എൻ.എസ്. മാധവന്

എൻ.എസ് മാധവന് അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന്റെ അമ്പത്തഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിലാണ് നിയമസഭാ പുരസ്‌കാരം നൽകി കേരള നിയമസഭ അദ്ദേഹത്തെ ആദരിക്കുന്നത്.

Elizabath Joseph

തിരുവനന്തപുരം: സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ, മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ലന്തൻബത്തേരിയിലെ ലുത്തിയിനകൾ എന്ന ഒറ്റ നോവൽ കൊണ്ട്, നോവൽ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹിഗ്വിറ്റ', 'തിരുത്ത്', 'ചുളൈമേടിലെ ശവങ്ങൾ', 'വൻമരങ്ങൾ വീഴുമ്പോൾ', 'പഞ്ചകന്യകകൾ', 'ഭീമച്ചൻ' തുടങ്ങിയ ശ്രദ്ധേയമായ കഥകളിലൂടെ മലയാള ചെറുകഥയ്ക്ക് പുത്തനുണർവ് സമ്മാനിച്ചു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേർന്ന അദ്ദേഹം കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സാഹിത്യകൃതികൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഇന്ത്യൻ സാഹിത്യത്തിലെ ശ്രദ്ധേയനായ എൻ.എസ് മാധവന് അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന്റെ അമ്പത്തഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിലാണ് നിയമസഭാ പുരസ്‌കാരം നൽകി കേരള നിയമസഭ അദ്ദേഹത്തെ ആദരിക്കുന്നത്.

SCROLL FOR NEXT