K Ganesh kumar Interet
Kerala

ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; ആരോപണങ്ങളിൽ കടുത്ത നിലപാടുമായി ഇടതുമുന്നണി

മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗണേഷിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Elizabath Joseph

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ പരസ്യമായി രംഗത്തെത്തിയതോടെ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ഗണേഷിനെ സംരക്ഷിക്കേണ്ടതില്ലെന്നും ധാർമ്മികത മുൻനിർത്തി മാറ്റിനിർത്തുന്നതാണ് ഉചിതമെന്നുമാണ് ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗണേഷിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

മന്ത്രിയുടെ വാളകത്തെ വീട്ടിൽ വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും മന്ത്രിയുടെ സഹായികൾ തന്നെ തടഞ്ഞുവെച്ചുവെന്നും ബിന്ദു മേനോൻ ആരോപിച്ചു. മന്ത്രിയെ 'കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ' കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നുമാണ് അവരുടെ വെളിപ്പെടുത്തൽ. സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും അവർ സഹായിക്കാതെ മടങ്ങിയെന്നും ബിന്ദു പറഞ്ഞു. സംഭവങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായും അവർ വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഗണേഷ് കുമാർ മാറിനിൽക്കണമെന്ന നിലപാടിലാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ രാജി അനിവാര്യമാകും. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

SCROLL FOR NEXT