മെറിഡിയൻ ടെക് പാർക്ക് PRD
Kerala

850 കോടി നിക്ഷേപവുമായി മെറിഡിയൻ ടെക് പാർക്കിന്റെ ഇരട്ട ടവർ ക്യാമ്പസ് ടെക്നോപാർക്കിൽ

യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്സ് എഫ്ഇസഡ്സിയാണ് പദ്ധതിക്കായി 850 കോടി രൂപ നിക്ഷേപിക്കുന്നത്.

Elizabath Joseph

തിരുവനന്തപുരം:ടെക്നോപാർക്കിലെ ആദ്യ ഇരട്ട ടവർ ക്യാമ്പസായി മെറിഡിയൻ ടെക് പാർക്ക് വരുന്നു. നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിക്കുമ്പോൾ 12,000 തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് കണക്ക്. ടെക്നോപാർക്കിന്റെ ഫേസ് 3 യിലാണ് മെറിഡിയൻ ടെക് പാർക്ക് യാഥാർത്ഥ്യമാകുക. യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്സ് എഫ്ഇസഡ്സിയാണ് പദ്ധതിക്കായി 850 കോടി രൂപ നിക്ഷേപിക്കുന്നത്. 'കേരളത്തിന്റെ വെർട്ടിക്കൽ ഇന്നൊവേഷൻ നെക്സസ്' എന്ന് ബ്രാൻഡ് ചെയ്ത പദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽലഭിക്കും.

ലോകോത്തര ഐടി,ഐടി അധിഷ്ഠിത പദ്ധതിയായ മെറിഡിയൻ ടെക് പാർക്കിന്റെ താൽപര്യപത്രം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ അൽ മർസൂഖി ടെക് പാർക്ക് സി.ഇ.ഒ അജീഷ് ബാലദേവനും ടെക്‌നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായരും തമ്മിൽ കൈമാറി. അത്യാധുനിക ഇന്നൊവേഷൻ ഇക്കോസിസ്റ്റമായാണ് മൂന്നര ഏക്കറിൽ മെറിഡിയൻ ടെക് പാർക്ക് സജ്ജമാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഏവിയേഷൻ ഐടി, ഹെൽത്ത്കെയർ ഐടി, റോബോട്ടിക്സ് മേഖലകളിലാണ് ഊന്നൽ.ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന ലീഡ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ നിർമ്മിതിയാണ് ഇതിന്റെ പ്രധാന സവിശേഷത. നിർമ്മിത ബുദ്ധിയുടെ പിൻബലത്തിലുള്ള ലബോറട്ടറി വഴി ചെറുകിട കമ്പനികൾക്ക് പോലും ഇതിന്റെ സാധ്യതകൾ ഉപയോഗിക്കാനാകുന്ന രീതിയിലാണ് ക്യാമ്പസ് ഒരുങ്ങുക. കോൺഫറൻസുകൾ, ടെക്നോളജി ഉച്ചകോടികൾ, കോർപറേറ്റ് ഇവന്റുകൾ എന്നിവയ്ക്കായി രാജ്യാന്തര കൺവെൻഷൻ സെന്ററും കോർപറ്റേറ്റ് ഒത്തുചേരലിനും പ്രോഡക്ടുകളുടെ ലോഞ്ചിംഗിനുമൊക്കെ അനുയോജ്യമായ ഇടങ്ങളും ഇതിന്റെ ഭാഗമാകും.

സാമ്പത്തിക വികസനത്തിലും വാണിജ്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അൽ മസൂഖി ഹോൾഡിംഗ്സ് എഫ്ഇസഡ്സി രണ്ടുഘട്ടങ്ങളിലായുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 400 കോടിയും രണ്ടാംഘട്ടത്തിൽ 450 കോടിയുമാണ് നിക്ഷേപിക്കുന്നത്. ആഗോള സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനു കൂടുതൽ വേഗം പകരുന്ന പദ്ധതിയാകും മെറിഡിയൻ ടെക് പാർക്ക്.

SCROLL FOR NEXT