കാർഷിക സമൃദ്ധിയുടെ ഭൂതകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല കാലത്തിലേക്കുള്ള കാത്തിരിപ്പുമായി മലയാളികൾക്ക് ഇന്ന് വിഷു. സാധാരണ മേടം ഒന്നിനാണ് വിഷു എങ്കിലും ഇത്തവണ രണ്ടിനാണ് വിഷു ആഘോഷിക്കുന്നത്. ജ്യോതിഷ ശാസ്ത്രപ്രകാരം മേട സംക്രമത്തിന് ശേഷമുള്ള ആദ്യത്തെ സൂര്യോദയമാണ് വിഷു ആഘോഷത്തിനും കണികാണുന്നതിനും പരിഗണിക്കുന്നത്. മേടം ഒന്നിന് ഉദയത്തിന് ശേഷം പകല്‍സമയത്താണ് സൂര്യന്‍ മേടം രാശിയിലേക്ക് കടക്കുന്നത്. അതിനുശേഷമുള്ള ആദ്യ സൂര്യോദയം ഇന്നായതിനാലാണ് വിഷു ആഘോഷവും ഇന്നായത്.
കാലത്ത് നേരത്തെത്തന്നെ വിഷുക്കണി ദർശനത്തിന് ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 2.50 മുതൽ 3.50 വരെയായിരുന്നു ഗുരുവായൂരിൽ വിഷുക്കണി ദർശനം. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്രനട പുലർച്ചെ നാലിന് തുറന്നു. 4.05 മുതൽ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം. ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യഭിഷേകം. വിഷു മേടമാസകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
വിഷുദിനത്തിൽ കണ്ണനെ ദർശിക്കാൻ ഗുരുവായൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 2:50 മുതൽ 3:50 വരെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടന്നു. വിഷുക്കണി ദർശനത്തിനായി ഇന്നലെ വൈകിട്ട് മുതൽ തന്നെ ഗുരുവായൂർ ക്ഷേത്രത്തിനു മുമ്പിൽ ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, സ്വർണ്ണനാണയം, ഗ്രന്ഥം മുണ്ട്, നാണ്യം തുടങ്ങിയവ കണിക്കായി ഒരുക്കിവെച്ചു. ക്ഷേത്രമേൽശാന്തി ആദ്യം സ്വന്തം മുറിയിൽ കണികണ്ടു. തുടർന്ന് ഗുരുവായൂരപ്പനെ കണി കാണിച്ചു. കണ്ണൻ കണികണ്ട് കഴിഞ്ഞ ശേഷം ആയിരുന്നു ഭക്തർക്ക് അവസരം. വിഷുദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേക ശീവേലിയും നടക്കും, വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് വിഷുദിനത്തിൽ കണ്ണനെ കണി കാണാൻ ഗുരുവായൂരിൽ എത്തിയിരിക്കുന്നത്.
മെട്രോ മലയാളം ഓസ്ട്രേലിയയുടെ പ്രിയപ്പെട്ട വായനക്കാർക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.