കേരളാ ആരോഗ്യമന്ത്രി വീണാ ജോർജും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രകാശ് അഭിത്കറും  PRD
Kerala

ആരോഗ്യരംഗത്ത് മാതൃകയായി കേരളം, അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്

Elizabath Joseph

ആരോഗ്യരംഗത്ത് രാജ്യത്തിനാകമാനം മാതൃകയാണ് കേരളം, കുറഞ്ഞ ശിശുമരണ നിരക്ക്, എല്ലാവർക്കും ലഭ്യമായ ആരോഗ്യസേവനങ്ങൾ എന്നിങ്ങനെ ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരുപാട് മുന്നേറ്റങ്ങൾ കുറഞ്ഞ കാലത്തിൽ കേരളം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, കേരളത്തിന്‍റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ്.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനാണ് സംഘം കേരളത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായും സംഘം കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകള്‍ മഹാരാഷ്ട്രയില്‍ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.

യു.എസിനെക്കാളും കുറഞ്ഞ കേരളത്തിലെ ശിശുമരണ നിരക്ക് തികച്ചും മാതൃകാപരമാണ്. അപൂര്‍വരോഗ ചികിത്സാ രംഗത്ത് കേരളം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എല്ലാ കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണം ഉറപ്പാക്കുന്ന കേരളത്തിന്റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ആയുഷ് രംഗത്തെ കേരളത്തിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. നീതി ആയോഗ് വിളിച്ചു ചേര്‍ത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കേരളത്തിന്റെ നേതൃത്വത്തില്‍ അടുത്തിടെ ദേശീയ ശില്പശാല സംഘടിപ്പിച്ചു. 29 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പ്രതിനിധികളാണ് കേരള മാതൃക അടുത്തറിയാനെത്തിയത്.

രൂര്‍ക്കട ജില്ലാ ആശുപത്രി, വേളി കുടുംബാരോഗ്യ കേന്ദ്രം, പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി, വലിയവിള ഗവ. ഹോമിയോപ്പതി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ എന്നീ ആശുപത്രികളാണ് സംഘം സന്ദര്‍ശിച്ചത്. ചെറിയ സ്ഥാപനങ്ങളില്‍ പോലും വലിയ വികസനം സാധ്യമാക്കിയതിനെ സംഘം അഭിനന്ദിച്ചു.മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം മഹാരാഷ്ട്ര എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഉണ്ടായിരുന്നത്. കേരള ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലേയും എന്‍എച്ച്എംലേയും ആയുഷ് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

SCROLL FOR NEXT