എസ്. ജാനകി Mathrubhumi
Kerala

ഗാനകോകിലം ജാനകിയമ്മ ഇനി ഓർമ്മ; തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

മലയാളത്തിൽ എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ ശബ്ദം മലയാളിക്ക് ഏറ്റവും പ്രിയങ്കരമായി മാറിയത്

Elizabath Joseph

ബെംഗളൂരു: അനുഗൃഹീതമായ സ്വരമാധുര്യം കൊണ്ട് ദശലക്ഷക്കണക്കിന് ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങളാണ് ഈ ഗാനകോകിലം ആലപിച്ചിട്ടുള്ളത്. 1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ആയുർവേദ ഡോക്ടറായ ശിസ്തില രാമമൂർത്തിയുടെ മകളായാണ് ജനനം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ജാനകി, അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് വളർന്നത്. ശാസ്ത്രീയ സംഗീതം ആഴത്തിൽ പഠിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ജാനകിയുടെ ജീവിതത്തിൽ വഴിത്തിരിവായി. അന്ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിൽ നിന്നാണ് അവർ പുരസ്കാരം ഏറ്റുവാങ്ങിയത്.

1957-ൽ പുറത്തിറങ്ങാത്ത 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിയതെങ്കിലും, അതേ വർഷം തന്നെ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ "ഇരുൾ മൂടുകയോ എൻ വഴിയിൽ" എന്ന ഗാനത്തിലൂടെ ജാനകി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1962-ൽ 'കൊഞ്ചും ചിലങ്കൈ' എന്ന ചിത്രത്തിലെ "ശിങ്കാര വേലനെ ദേവ" എന്ന ഗാനം തെന്നിന്ത്യൻ സംഗീതലോകത്ത് വലിയ തരംഗം സൃഷ്ടിച്ചു. മലയാളത്തിൽ എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ ശബ്ദം മലയാളിക്ക് ഏറ്റവും പ്രിയങ്കരമായി മാറിയത്. 'തളിരിട്ട കിനാക്കൾതൻ', 'അഞ്ജന കണ്ണെഴുതീ', 'സൂര്യകാന്തീ' തുടങ്ങിയ അനശ്വര ഗാനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. കെ. രാഘവൻ, ദക്ഷിണമൂർത്തി, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും അവർ അവിസ്മരണീയമായ ഗാനങ്ങൾ സമ്മാനിച്ചു.

ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, സംസ്കൃതം, ഇംഗ്ലീഷ്, ജർമൻ ഉൾപ്പെടെയുള്ള ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ജാനകിയെ, 1981-ൽ 'ഓപ്പോൾ' എന്ന ചിത്രത്തിലെ "ഏറ്റുമാനൂരമ്പലത്തിൽ" എന്ന ഗാനമാണ് മലയാളത്തിൽ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്. ഇതിനുപുറമെ രണ്ട് തവണ തമിഴിലും ഒരു തവണ തെലുങ്കിലും ദേശീയ അവാർഡ് നേടി. കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്ര സർക്കാരിന്റെ അവാർഡ് 10 തവണയും തമിഴ്‌നാടിന്റേത് 7 തവണയും ഒഡീഷയുടേത് ഒരു തവണയും അവർക്ക് ലഭിച്ചിട്ടുണ്ട്. 2016-ൽ പുറത്തിറങ്ങിയ 'പത്തു കൽപ്പനകൾ' എന്ന മലയാള ചിത്രത്തിലാണ് ജാനകി അവസാനമായി പാടിയത്. 2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രിയിൽ വെച്ച് നടന്ന സംഗീതനിശയിലാണ് ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ പ്രഖ്യാപിച്ചത്. 1958-ലായിരുന്നു വി. രാമപ്രസാദുമായുള്ള വിവാഹം, അദ്ദേഹം 1990-ൽ മരണപ്പെട്ടു. പരേതനായ മുരളീകൃഷ്ണ ഏക മകനാണ്. മരുമകൾ ഉമയും പേരക്കുട്ടികളായ അമൃതവർഷിണി, അപ്സര എന്നിവരുമാണ് മറ്റ് കുടുംബാംഗങ്ങൾ.

SCROLL FOR NEXT