തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ റെക്കോർഡ് ജനപങ്കാളിത്തം. ഉദ്ഘാടന ദിവസത്തേക്കാൾ വൻ തിരക്കാണ് രണ്ടാം ദിവസമായ ഇന്ന് സംസ്ഥാനത്തുടനീളമുള്ള ഓർഡിനറി ബസുകളിൽ അനുഭവപ്പെട്ടത്. ഇന്ന് മാത്രം പത്ത് ലക്ഷത്തിലധികം സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തികളും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി യാത്ര ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങുകൾക്കും ഓഫീസ് സമയങ്ങൾക്കും ശേഷമാണ് പദ്ധതി പൂർണ്ണതോതിൽ ഡിപ്പോകളിൽ പ്രായോഗികമായി തുടങ്ങിയത്. എന്നിട്ടുകൂടി ഒന്നാം ദിവസം ഏഴ് ലക്ഷത്തിലധികം വനിതകൾ കെ.എസ്.ആർ.സി. ബസുകളെ ആശ്രയിച്ചു. ആദ്യദിനം കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിൽ ആകെ യാത്ര ചെയ്ത 17 ലക്ഷം പേരിൽ 40 മുതൽ 50 ശതമാനം വരെ സ്ത്രീകളായിരുന്നു. ഉദ്ഘാടന ദിവസമായതിനാൽ ആദ്യയാത്രയുടെ ഭാഗമാകാൻ നിരവധി പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ബസ് സ്റ്റാൻഡുകളിൽ എത്തിയിരുന്നു.
ഒന്നരക്കോടിയിലധികം രൂപയുടെ 'സീറോ ടിക്കറ്റുകൾ' വിതരണം ചെയ്തു:
പദ്ധതിയുടെ ആദ്യദിനം മാത്രം കോർപ്പറേഷൻ വഴി ഒന്നരക്കോടിയിലധികം രൂപയുടെ സൗജന്യ 'സീറോ ടിക്കറ്റുകളാണ്' വനിതാ യാത്രക്കാർക്കായി കണ്ടക്ടർമാർ വിതരണം ചെയ്തത്. യാത്രാ കണക്കുകൾ സുതാര്യമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി ജൂൺ 16-ാം തീയതിയായ ഇന്ന് യാത്ര ചെയ്ത സ്ത്രീകളുടെ കൃത്യമായ എണ്ണവും, വിതരണം ചെയ്ത സീറോ ടിക്കറ്റുകളുടെ ആകെ തുകയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ നാളെ ഗതാഗത മന്ത്രി സി.പി. ജോൺ മാധ്യമങ്ങളെ അറിയിക്കും. യാത്രാ ചിലവ് പൂർണ്ണമായും സർക്കാർ ഗ്രാന്റായി നൽകുമെന്നതിനാൽ പ്രിയദർശിനി പദ്ധതി വഴി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വൻ വർദ്ധനവ് കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ഉണർവേകും.