സംസ്ഥാനത്ത് നിയന്ത്രിത പവർകട്ട് ഏർപ്പെടുത്താൻ കെഎസ്ഇബി  
Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നു; 30 മിനിറ്റ് വരെ പവർകട്ട് ഏർപ്പെടുത്തിയേക്കാം

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്

Elizabath Joseph

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രിത പവർകട്ട് ഏർപ്പെടുത്താൻ കെഎസ്ഇബി നീക്കം. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ (Peak Hours) 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. വൈദ്യുതി മുടങ്ങുന്ന വിവരം ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. മെയ് 15 വരെ ഇത്തരത്തിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി. എന്നാൽ ഈ വൈദ്യുതി എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുവരെ ലോഡ് ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനാവില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും റെഗുലേറ്ററി കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ ഉടൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് നിർത്തണമെന്നും വാങ്ങുന്ന വൈദ്യുതിയുടെ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം കൂടുതൽ കടുക്കാനാണ് സാധ്യത.

SCROLL FOR NEXT