ഓസ്‌ട്രേലിയയിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാൻഡിൽ പിഎച്ച്ഡി ഗവേഷണത്തിനായി കുറ്റ്യാടി ദേവർകോവിൽ സ്വദേശി മുഹമ്മദ് അമീറിന് ഒന്നേമുക്കാൽ കോടി രൂപയുടെ സ്കോളർഷിപ്പ്. പരുത്തി കൃഷിയിലെ രോഗനിർണ്ണയ ശാസ്ത്രമായ 'കോട്ടൺ പാത്തോളജി'യിലാണ് അമീർ ഗവേഷണം നടത്തുന്നത്. ഓസ്‌ട്രേലിയൻ കോട്ടൺ ഡിസീസ് കൊളാബറേഷനുമായി ചേർന്നാണ് പഠനം പുരോഗമിക്കുന്നത്. പരുത്തിത്തൈകളെ ബാധിക്കുന്ന, മണ്ണിലൂടെ പകരുന്ന രോഗകാരികളുടെ സങ്കീർണ്ണതയും അവയുടെ സഹ-അണുബാധയും സംബന്ധിച്ചാണ് അമീർ പ്രധാനമായും പഠനം നടത്തുക. കാർഷിക മേഖലയ്ക്കും പ്രത്യേക പരുത്തി കർഷകർക്കും ആഗോളതലത്തിൽ തന്നെ ഗുണകരമാകുന്നതാണ് ഈ ഗവേഷണ വിഷയം.
ദേവർകോവിൽ പട്ട്യാടൻ വീട്ടിൽ നസീമയുടെയും അബ്ദുൽ ലത്വീഫിന്റെയും മകനായ മുഹമ്മദ് അമീർ, കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ, വട്ടോളി ഹൈടെക് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക-ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബെംഗളൂരു അഗ്രിക്കൾച്ചറൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ ഡിസ്റ്റിങ്ഷനോടെ പൂർത്തിയാക്കി. തുടർന്ന് കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ ബയോടെക്നോളജിയിൽ ഒന്നാം റാങ്കോടെ എംഎസ്സി ബിരുദവും നേടി. കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (IISR) ജിനറ്റിക് എൻജിനീയറിങ് വിഭാഗത്തിൽ അമീർ ഗവേഷകനാണ്.