വനജ, സരിതാ മുരളി, സജിത കൂടെ അമ്മ ഓമന (Supplied)
Kozhikode

തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യം: മത്സരരംഗത്ത് മൂന്ന് സഹോദരിമാർ

വനജ, സരിതാ മുരളി, സജിത എന്നീ സഹോദരിമാർ ഇത്തവണ സിപിഎമ്മിനുവേണ്ടി വിവിധയിടങ്ങളിൽ ജനവിധി തേടുകയാണ്. ​

Safvana Jouhar

​പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന മൂന്ന് പെൺമക്കളെ ഓർത്ത് പേരാമ്പ്ര എരവട്ടൂരിലെ കിഴക്കയിൽ ഓമന അമ്മ അതിയായ സന്തോഷത്തിലാണ്. വനജ, സരിതാ മുരളി, സജിത എന്നീ സഹോദരിമാർ ഇത്തവണ സിപിഎമ്മിനുവേണ്ടി വിവിധയിടങ്ങളിൽ ജനവിധി തേടുകയാണ്. ​അച്ഛൻ കുഞ്ഞികൃഷ്ണൻനായരുടെ കൈപിടിച്ച് പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയവരാണ് ഈ മൂന്ന് മക്കളും. സജീവ സിപിഎം പ്രവർത്തകനും പാചകക്കാരനും കലാകാരനുമായിരുന്ന കുഞ്ഞികൃഷ്ണൻ നായർ, നാടകം, ഡാൻസ്, ഒപ്പന, എഴുത്ത്, കരകൗശല ശില്പങ്ങൾ, പാചകം തുടങ്ങി നിരവധി മേഖലകളിൽ പ്രതിഫലമില്ലാതെ സേവനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കുട്ടികളും പാർട്ടി പ്രവർത്തകരായി രംഗത്തിറങ്ങി.സ്ഥാനാർഥി തീരുമാനം വന്നതിനുപിന്നാലെ മൂന്ന് മക്കളും കിഴക്കയിൽ വീട്ടിൽ ഒത്തു ചേർന്ന് അമ്മയുടെ അനുഗ്രഹം തേടി. "എല്ലാവരും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്" ഓമന അമ്മ ആശംസിച്ചു.

കന്നി മത്സരവുമായി

​കിഴക്കയിൽ വീട്ടിൽ താമസിക്കുന്ന മൂത്തമകളായ വനജ (56) പേരാമ്പ്ര പഞ്ചായത്തിലെ 17-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. പേരാമ്പ്ര റീജണൽ സഹകരണ ബാങ്ക് ഡയറക്ടറായ വനജയുടെ കന്നിയങ്കമാണിത്. എരവട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബശ്രീ എഡിഎസ്, തൊഴിലുറപ്പ് മേറ്റ്, മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭർത്താവ് നാരായണനും മകൻ അനുരാഗും സജീവ പാർട്ടി പ്രവർത്തകരാണ്. വനജയുടെ പൊതുപ്രവർത്തനങ്ങളിലെ സ്നേഹവും നാട്ടുകാരോടുള്ള അടുപ്പവും വിജയത്തിന് അനുകൂലമായ ഘടകമാണെന്ന് കുടുംബം വിശ്വസിക്കുന്നു.

വോട്ടർമാരെ സന്ദർശിക്കുന്നു

​ബ്ലോക്ക് പഞ്ചായത്തിലേക്ക്

​രണ്ടാമത്തെ മകളായ സരിതാ മുരളി (50) നിലവിൽ കായക്കൊടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സ‌ണാണ്. യുഡിഎഫ് ഏറെക്കാലം വിജയിച്ചിരുന്ന ഒൻപതാം വാർഡിൽ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി വിജയം നേടിക്കൊണ്ടാണ് സരിത ശ്രദ്ധേയയായത്. ഇത്തവണ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കൈവേലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയാണ്. കായക്കൊടി വാഴയ്ക്കൽ മുരളിയുടെ ഭാര്യയായ സരിത ചെറുപ്പം മുതലേ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളിലൂടെ നേതൃരംഗത്തെത്തി. സിപിഎം പട്ടർകുളങ്ങര (ഈസ്റ്റ്) ബ്രാഞ്ച് കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മണിയൂർ പഞ്ചായത്തിൽ

​ഇളയമകളും മന്തരത്തൂർ കുയ്യലത്ത് സുരേഷിന്റെ ഭാര്യയുമായ സജിതയും (46) ആദ്യമായാണ് ജനവിധി തേടുന്നത്. മണിയൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സജിതയുടെ മത്സരം. മന്തരത്തൂർ സെന്റർ ബ്രാഞ്ച് മുൻസെക്രട്ടറിയായ സജിത പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണായിരുന്നു. മഹിളാ അസോസിയേഷൻ, കെഎസ്കെടിയു വില്ലേജ് കമ്മിറ്റികളിലും സജീവമാണ്.​പൊതുപ്രവർത്തനത്തിന് വീട്ടിൽനിന്ന് ലഭിക്കുന്ന പിന്തുണയാണ് അച്ഛന്റെ വഴിയിൽ പാർട്ടിപ്രവർത്തന രംഗത്തിറങ്ങാൻ സഹായിക്കുന്നതെന്ന് മൂന്നുപേരും ഒരേസ്വരത്തിൽ പറയുന്നു. രാഷ്ട്രീയത്തിനപ്പുറം നല്ല സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്ന ഈ കുടുംബത്തിന് എതിരാളികൾ പോലും പിന്തുണ നൽകുന്ന സാഹചര്യം വിജയത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT