കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒൻപത് വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. വടകര എംസിസി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങളായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. സംഭവത്തില്‍ ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് നിര്‍ണായകമായത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശിയെയും അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി മരിക്കുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാതാപിതാക്കള്‍ വലിയ പ്രയാസം നേരിടുകയായിരുന്നു. ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം നടന്ന് പത്ത് മാസത്തിനു ശേഷമാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.