Kottayam

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Safvana Jouhar

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുച്ച് മനുഷ്യാവകാശ കമ്മീഷന്‍. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ ബിന്ദു, രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവനും ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങ് തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കം വീട്ടില്‍ എത്തി ബിന്ദുവിന് അന്തിമോപചാരം അര്‍പ്പിച്ചു. തലയോട്ടി പൊട്ടിയാണ് ബിന്ദുവിന്റെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.

SCROLL FOR NEXT